ഇന്ത്യൻ ക്ലബിന് പുതിയ ഭരണ സമിതി

മനാമ: ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ് ഭരണസമിതിയിലേക്കു വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കെ.എം. ചെറിയാന്‍ നയിച്ച ഡൈനാമിക് ടീമിന് തകര്‍പ്പന്‍ ജയം. ആകെയുള്ള 12 സീറ്റുകളില്‍ 9 എണ്ണം ഡൈനാമിക് ടീം നേടിയപ്പോള്‍ എതിര്‍ പാനലായ കാഷ്യസ് പെരേരയുടെ ഡെമോക്രാറ്റിക്‌ന് മൂന്നു സ്ഥാനങ്ങളില്‍ മാത്രമേ വിജയിക്കാനായുള്ളു. പ്രധാനപ്പെട്ട സീറ്റുകളിലെല്ലാം ഡൈനാമിക് ടീം ആണ് വിജയിച്ചത്. കെ.എം ചെറിയാന്‍ 265 വോട്ട് നേടിയപ്പോള്‍ കാഷ്യസ് പെരേരക്ക് 243 വോട്ടാണ് ലഭിച്ചത്.

12 സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, അസി. ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഒമ്പത് സ്ഥാനങ്ങള്‍ ടീം ഡൈനാമിക്ക് നേടി. ട്രഷറര്‍ ഉള്‍പ്പെടെ മൂന്ന് സ്ഥാനങ്ങളിലേക്ക് മാത്രമാണ് ടീം ഡെമോക്രാറ്റിക് പ്രതിനിധികള്‍ക്ക് ജയിക്കാനായത്. ആകെയുള്ള 750 അംഗങ്ങളില്‍ 519 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. റിേട്ടണിങ് ഓഫീസര്‍ ഷാജി ആലുക്കല്‍ ആണ് ഫലം പ്രഖ്യാപിച്ചത്.

കെ.എം ചെറിയാന്‍ (പ്രസിഡന്റ്) സാനി പോള്‍ (വൈസ് പ്രസിഡന്റ്) സതീഷ് ഗോപിനാഥന്‍ (ജനറല്‍ സെക്രട്ടറി), പി.ആര്‍ ഗോപകുമാര്‍ (അസി. ജനറല്‍ സെക്രട്ടറി), കെ. മുത്തുകൃഷ്ണന്‍ (ട്രഷറര്‍), അനീഷ് വര്‍ഗീസ് (അസി. ട്രഷറര്‍), ആര്‍. സെന്തില്‍ കുമാര്‍ (എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി), ബിജോയ് കമ്പ്രത്ത് (അസി. എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി), സി.എം ജുനിത് (ബാഡ്മിന്റണ്‍ സെക്രട്ടറി), ഡോ. എം.സി ജോണ്‍ (ടെന്നീസ് സെക്രട്ടറി), റെമി പ്രസാദ് പിന്റോ (ക്രിക്കറ്റ്, ഹോക്കി സെക്രട്ടറി) എന്നിവരാണ് പുതിയ ഭരണസമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഡോര്‍ ഗെയിംസ് സെക്രട്ടറി അരുണ്‍ കെ. ജോസ് നേരത്തേ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടക്കേണ്ട ഭാരവാഹി തെരഞ്ഞെടുപ്പ് 10 മാസം വൈകിയാണ് നടന്നത്. നിലവിലുള്ള ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയായതാണെങ്കിലും കോവിഡ് -19 കാരണം തെരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു. ക്ലബ് അംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയാണ് ക്ലബിന്റെ ഭരണം നടത്തുന്നത്. പുതിയ ഭരണസമിതിയുടെ കലാവധി 2022 ഡിസംബര്‍ വരെയായിരിക്കും. തെരഞ്ഞെടുപ്പ് വൈകിയതിനാല്‍ പുതിയ ഭരണസമിതിക്ക് 10 മാസം കുറവ് കാലാവധിയാണ് ലഭിക്കുക. അംഗങ്ങളുടെ കലാ, കായിക, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന വാഗ്ദാനങ്ങളാണ് ഇരുപാനലുകളും മുന്നോട്ട് വെച്ചിരുന്നതെന്നത് ശ്രദ്ധേയമാണ്.