ബിഡികെ മെഗാ രക്തദാന ക്യാമ്പിനായി ‘രക്തവാഹിനി’ ഒരുങ്ങുന്നു

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഡിസംബർ 10 വെള്ളിയാഴ്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സ്, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ബ്ലഡ് ബാങ്കുകളിൽ ഒരേ സമയം സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാമ്പിന്റെ വിജയത്തിനായി “രക്തവാഹിനി” എന്ന പേരിൽ രണ്ട് ബസ്സുകൾ ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നും രക്തദാതാക്കളെ എത്തിക്കുന്നതിന് ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് രക്തദാനക്യാമ്പിൽ എത്തിച്ചേരുവാനും തിരിച്ചു പോകുവാനുമായി 39125828, 39407353, 38365466 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഒറ്റക്കും മറ്റ് സംഘടനകളുമായി ചേർന്ന് കൊണ്ടും കഴിഞ്ഞ അഞ്ചു വർഷമായി രക്തദാനമെന്ന മഹത്തായ കർമത്തിനായി ബഹ്‌റൈനിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ബിഡികെ, ക്യാമ്പുകൾ കൂടാതെ എല്ലാ അടിയന്തിര ഘട്ടങ്ങളിലും ആവശ്യമനുസരിച്ച് രക്തം നൽകുവാനായി രക്ത ബാങ്കുകളിൽ എത്തിച്ചേരാറുണ്ട്. കൂടാതെ പൊതിച്ചോർ, ബ്ലാങ്കറ്റുകൾ തുടങ്ങി പാവങ്ങൾക്കാവശ്യമായവ എത്തിക്കുന്നതിലും ബിഡികെ എന്നും ശ്രദ്ധിക്കാറുണ്ടെന്നും, കോവിഡ് കാലത്ത് ഭക്ഷണ കിറ്റുകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ അർഹതപ്പെട്ടവർക്ക് നൽകിയിട്ടുണ്ടെന്നും, വേറിട്ട ജനോപകാര പ്രവർത്തങ്ങളും രക്തദാനമെന്ന ഏവരും ഒന്നാണെന്ന സന്ദേശവുമായി ബിഡികെ കൂടുതൽ സജീവമായി നിലകൊള്ളുമെന്നും ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.