മനാമ:
പ്രവാസ ലോകത്തെ കുട്ടികളുടെ ഏറ്റവും വലിയ കലാ മാമാങ്കമായ ദേവ്ജി ബി.കെ.എസ് ബാലകലോത്സവം ജനുവരി 15ന് ആരംഭിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കലോത്സവത്തിന്റെ രജിസ്ട്രേഷൻ ജനുവരി ഏഴിന് അവസാനിക്കും. നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഏഴ് വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുകയെന്ന് സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ബാലകലോത്സവത്തിന്റെ ജനറൽ കൺവീനർ ദിലീഷ് കുമാർ എന്നിവർ പറഞ്ഞു. അഞ്ചു മുതൽ 17 വരെ പ്രായപരിധിയിലുള്ള കുട്ടികൾ അഞ്ച് വിഭാഗങ്ങളിലായി ഇരുനൂറോളം ഇനങ്ങളിൽ മത്സരിക്കും. ബഹ്റൈനിലെ സ്കൂളുകളുമായി സഹകരിച്ച് നടത്തുന്ന മത്സരത്തിൽ ഇത്തവണ ഏത് രാജ്യക്കാർക്കും പങ്കെടുക്കാൻ കഴിയുമെന്ന പ്രത്യേകതയുമുണ്ട്.
കലോത്സവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ദിലീഷ് കുമാർ (39720030), രാജേഷ് ചേരാവള്ളി (35320667) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.