അദ്ധ്യാപകരുടെ മുഴുവന്‍ വേതനവുംകൊടുത്തു തീര്‍ക്കണം – യു.പി.പി

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരുടെയും അധ്യാപകരുടെയും അന്യായമായി തടഞ്ഞു വെച്ചിരിക്കുന്ന മുഴുവന്‍ വേതനവും ഉടന്‍ കൊടുത്തു തീര്‍ക്കണമെന്ന് യുണൈറ്റഡ് പാരന്റ്‌സ് പാനല്‍ (യു.പി.പി), സ്‌കൂള്‍ ഭരണകര്‍ത്താക്കളോട് പത്രകുറിപ്പിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ പത്രസമ്മേളനത്തിലൂടെ യു.പി.പി ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായി നല്‍കിയ മൂന്നു മാസത്തെ വേതനത്തിന്റെ ബാക്കി കൊടുക്കാന്‍ തയ്യാറായ ഭരണ സമിതി മുഴുവന്‍ ജീവനക്കാരുടേയും മുഴുവന്‍ വേതനവും ഉടന്‍ തന്നെ കൊടുത്തു തീര്‍ക്കണം.

കോവിഡ് കാലഘട്ടത്തില്‍ ജോലി നഷ്ടപ്പെട്ടും ചെറുകിട കച്ചവടങ്ങളില്‍ തകര്‍ച്ച നേരിട്ടും വരുമാനം നിലച്ചു പോയ പാവപ്പെട്ട രക്ഷിതാക്കള്‍ക്ക് ഫീസടക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തില്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ നിന്നും പുറത്താക്കപ്പെട്ട മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉടന്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പ്രവേശിപ്പിക്കണമെന്നും വാര്‍ഷിക മെംബര്‍ഷിപ്പ് ഫീസ് അടച്ച് മെംബര്‍ഷിപ്പ് പുതുക്കിയ ഒരു രക്ഷിതാവിന്റെയും ജനറല്‍ ബോഡിയിലെ പ്രവേശനം നിരസിക്കാന്‍ ഭരണഘടന പ്രകാരം ഒരു കമ്മിറ്റിക്കും അധികാരമില്ലെന്നും യു.പി.പി ബന്ധപ്പെട്ടവരെ അറിയിച്ചു.