മനാമ: ഇന്ത്യൻ സ്‌കൂൾ ജനുവരി 27-നു പഞ്ചാബി ദിവസ്-2022 ഓൺലൈനായി നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ പഞ്ചാബി ഭാഷാ വിഭാഗം സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. സ്‌കൂൾ വിദ്യാർഥികളായ രശ്മി ഗണേഷ്, റോഷ്‌നി ഗണേഷ് എന്നിവർ ചേർന്ന് സ്‌കൂൾ പ്രാർത്ഥനാ ഗാനം അവതരിപ്പിച്ചു. മുഹമ്മദ് അദീബ് ഖാൻ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. ഗുരു ഗ്രന്ഥ സാഹിബിൽ നിന്നുള്ള പാരായണം അമൃത് കൗർ നിർവഹിച്ചു. പഞ്ചാബി ഭാഷാധ്യാപിക രേവ റാണി സ്വാഗതം പറഞ്ഞു.
പഞ്ചാബി മൂന്നാം ഭാഷാ വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ച ഒരു വാരാഘോഷത്തിന്റെ പര്യവസാനമായിരുന്നു ദിനാചരണം. ചിത്രം തിരിച്ചറിയൽ, കഥ പറയൽ, കവിതാ പാരായണം, പഞ്ചാബി നാടൻ പാട്ട് എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. മത്സരങ്ങൾ കൂടാതെ പഞ്ചാബി ഭാംഗ്ര നൃത്തം പ്രധാന ആകർഷണമായിരുന്നു. ജസ്മീത് കൗർ, കൻവാൾ ലോട്ടി, ഗുർസാഹേജ് എന്നിവർ ചേർന്നാണ് നൃത്തം അവതരിപ്പിച്ചത്. ഒന്നാം സമ്മാന ജേതാക്കളായ ഏകംജീത് സിംഗ് സിദ്ധു, അമൃത് കൗർ, രമൺബീർ സിംഗ് എന്നിവർ പഞ്ചാബി കവിതകളും കഥകളും നാടൻ പാട്ടുകളും അവതരിപ്പിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച പഞ്ചാബി ഗിദ്ദ നൃത്തവും ഭാംഗ്ര നൃത്തവും പങ്കെടുത്തവരുടെ പ്രശംസ പിടിച്ചുപറ്റി. ജാസ്മീത് കൗറും ഗുർസാഹേജ് കൗറും ചേർന്ന് പഞ്ചാബ് സംസ്ഥാനത്തെക്കുറിച്ച് ഒരു സ്ലൈഡ് അവതരണം നൽകി. സമ്മാന ജേതാക്കളുടെ പേരുകൾ വകുപ്പ് മേധാവി ബാബു ഖാൻ, ആക്ടിവിറ്റി ടീച്ചർ സിഎം ജുനിത്ത് ,ശാലിനി മെറീന, ശ്രീലത നായർ എന്നിവർ പ്രഖ്യാപിച്ചു. ഗുർസഹാജ് കൗർ നന്ദി പറഞ്ഞു. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.