മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമ്പത്തിക വിനിമയ സേവന ദാതാക്കളിൽ ഒന്നായ ലുലു എക്‌സ്‌ചേഞ്ച് സാമ്പത്തിക സാക്ഷരതാ ബോധവത്കരണ പരിപാടി നടത്തി. ഇൻജാസ് ബഹ്‌റൈനുമായി സഹകരിച്ച് അൽ മൊയ്യദ് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാർക്കായാണ് പരിപാടി നടത്തിയത്..
മൂന്ന് ദിവസങ്ങളിലായി മൂന്ന് ബാച്ചുകളിലായി നടത്തിയ പരിപാടിയിൽ പണം കൈമാറ്റത്തിന്റെ നിയമപരവും നിയമവിരുദ്ധവുമായ വശങ്ങൾ, നിയന്ത്രണ ആവശ്യകതകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, കള്ളപ്പണം വെളുപ്പിക്കലും വഞ്ചനപരമായ പ്രവർത്തനങ്ങളിലും ഉൾപ്പെടാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് അവബോധം നൽകിയത്.
ബഹ്‌റൈനിലെ ലുലു ഇന്റർനാഷണൽ എക്‌സ്‌ചേഞ്ചിലെ സ്ട്രാറ്റജിക് ബിസിനസ് റിലേഷൻസ് മേധാവി അജിത്ത്, ഡിജിറ്റൽ പ്രോഡക്‌ട് ഇൻ ചാർജ് ശ്രീ അരുൺ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
ബഹ്‌റൈനിലെ ബ്ലൂകോളർ ജീവനക്കാരുടെ സാമ്പത്തിക സാക്ഷരതയും അവബോധവും വർധിപ്പിക്കാൻ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ലുലു എക്‌സ്‌ചേഞ്ച് ജനറൽ മാനേജർ എഡിസൺ ഫെർണാണ്ടസ് പറഞ്ഞു. അഭിവൃദ്ധിയുള്ള രാജ്യത്തെ ജനങ്ങൾക്ക് സാമ്പത്തിക സാക്ഷരത അനിവാര്യമാണെന്ന് ഇൻജാഹ് ബഹ്റൈൻ ചെയർപേഴ്സൻ ഷെയ്ഖ ഹെസ ബിൻത് ഖലീഫ പറഞ്ഞു.