ഗള്‍ഫ് രാഷ്ട്രങ്ങളിലെ സമസ്ത മദ്റസാ പൊതുപരീക്ഷ  വെള്ളി, ശനി ദിവസങ്ങളില്‍: ബഹ്റൈനില്‍ ഒരുക്കങ്ങള്‍ പൂര്‍ണ്ണം

മനാമ: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സമസ്ത  മദ്റസകളിലെ 5, 7, 10,+2  ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പൊതുപരീക്ഷക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കേരളത്തിന് പുറമെ തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, അന്തമാന്‍, ലക്ഷദ്വീപ് പ്രദേശങ്ങളിലും, മലേഷ്യ, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, ഖത്തര്‍, സഊദി അറേബ്യ എന്നീ വിദേശരാഷ്ട്രങ്ങളിലുമായി 6994 സെന്ററുകളാണ് പൊതുപരീക്ഷനടക്കുന്നത്.
ഇതില്‍ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്റസകളില്‍ വെള്ളി, ശനി ദിവസങ്ങളിലായാണ് പൊതു പരീക്ഷകള്‍ നടക്കുക.
ബഹ്‌റൈനിലെ വിവിധ മദ്റസകളില്‍ നിന്നും പൊതുപരീക്ഷക്കിരിക്കുന്ന വിദ്യാര്‍ത്ഥികളെ ഒറ്റ സെന്‍ററിലാണ് ഇത്തവണ പരീക്ഷക്കിരുത്തുന്നത്. ഇതിനായി വിപുലമായ പരീക്ഷാ ഹാള്‍ മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് സജ്ജീകരിച്ചതായി ബഹ്‌റൈന്‍ റൈയ് ഞ്ച് പൊതു പരീക്ഷാ സൂപ്രണ്ട് അറിയിച്ചു.
കൂടാതെ, വിവിധ മദ്റസാ ചുമതലകളുള്ള സൂപ്പര്‍വൈസര്‍മാരായി ഹംസ അന്‍വരി, മന്‍സൂര്‍ ബാഖവി, സയ്യിദ് യാസർ ജിഫ്രി തങ്ങൾ,ഹാഫിള് ശറഫുദ്ധീന്‍, സൈദുമുഹമ്മദ് വഹബി, അബ്ദുറഊഫ് ഫൈസി, റബീഅ് ഫൈസി, അബ്ദുറസാഖ് നദ് വി,  എന്നിവരെ നിയമിച്ചതായും പരീക്ഷാ സൂപ്രണ്ട് അശ്റഫ് അന്‍വരി ചേലക്കര അറിയിച്ചു.
സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്റെ ബഹ്‌റൈന്‍ ഘടകത്തിനാണ് ബഹ്‌റൈനിലെ പൊതുപരീക്ഷരീക്ഷാ ചുമതല. ഏകീകൃത പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി എല്ലാവരും സഹകരിക്കണമെന്ന് സൂപ്രവൈസര്‍ അഭ്യര്‍ത്ഥിച്ചു.
ഈ വര്‍ഷം ആകെ 2,41,805 കുട്ടികളാണ് പൊതുപരീക്ഷ എഴുതുന്നത്. ഏപ്രില്‍ 25 മുതല്‍ കേരളത്തില്‍ വെച്ച് കേന്ദ്രീകൃത മൂല്യനിര്‍ണയം നടക്കും.