മനാമ: നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യവുമായി ബഹ്റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ഗോൾഡൻ വിസ പദ്ധതി രാജ്യത്തിൻറെ മുഖഛായക്ക് കരുത്തേകുമെന്ന് വ്യാവസായിക വിദഗ്ധർ. റിയൽ എസ്റ്റേറ്റ് ഉൾപ്പെടെ വിവിധ രംഗങ്ങളിലെ വളർച്ചക്ക് ഇതു സഹായകരമാകുമെന്ന് ബഹ്റൈൻ എൻറർപ്രണർഷിപ് ഓർഗനൈസേഷൻ സംഘടിപ്പിച്ച വട്ടമേശ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ബഹ്റൈൻ എൻറർപ്രണർഷിപ് ഓർഗനൈസേഷൻറെ സ്ഥാപകയും അധ്യക്ഷയുമായ ഫെറിയാൽ അബ്ദുല്ല നാസ് നയിച്ച ചർച്ചയിൽ ബഹ്റൈൻ പ്രോപ്പർട്ടി ഡെവലപ്മെന്റ് അസോസിയേഷൻ ചെയർമാൻ അറഫ് ഹെജ്രസ്, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല, ബഹ്റൈൻ ബിസിനസ്മെൻസ് അസോസിയേഷൻ ബോർഡ് മെംബർ ദിയ അലി അൽ അസ്ഫൂർ, റിയൽ എസ്റ്റേറ്റ് വിഭാഗം മേധാവി ഇമാൻ മുഹമ്മദ് അൽ മന്നായ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
ബഹ്റൈൻ സർക്കാർ പ്രഖ്യാപിച്ച ഈ തീരുമാനം കോവിഡാനന്തരമുള്ള രാജ്യത്തിൻറെ സമ്പദ് വ്യവസ്ഥക്ക് ഊർജം പകരുമെന്നും രാജ്യത്തിെന്റ വികസനത്തിനുള്ള സുവർണ കവാടമാകും ഗോൾഡൻ വിസയെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
10 വർഷത്തെ ഗോൾഡൻ വിസയുടെ വരവോടെ നിശ്ചിത ഇടവേളകളിൽ വിസ പുതുക്കേണ്ടതിൻറെ ആകുലതകൾ ഇല്ലാതാകുമെന്ന് ജുസെർ രൂപവാല പറഞ്ഞു. കൂടുതൽ ആത്മവിശ്വാസത്തോടെയും പ്രയാസങ്ങളില്ലാതെയും ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനും നടത്തിക്കൊണ്ടുപോകാനും ഇത് പ്രവാസി സംരംഭകരെ സഹായിക്കും. ബഹ്റൈനെ സമ്പൂർണ ബിസിനസ് സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള നിരവധി നടപടികളാണ് സർക്കാർ ഇതിനകം സ്വീകരിച്ചത്. അതിൽ ഒടുവിലത്തേതാണ് ഗോൾഡൻ വിസ പ്രഖ്യാപനം. കൂടുതൽ ആവശ്യക്കാർ എത്തുന്നതോടെ റിയൽ എസ്റ്റേറ്റ് മേഖലക്ക് പുതിയ ഉണർവുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചക്ക് രാജ്യത്തെ ജനസംഖ്യ ഇനിയും വർധിക്കണമെന്ന് അറഫ് ഹെജ്രസ് അഭിപ്രായപ്പെട്ടു. ദുബൈ, സിംഗപ്പൂർ പോലുള്ള സ്ഥലങ്ങളിൽ സ്വദേശികളേക്കാൾ കൂടുതൽ പ്രവാസികളുണ്ടെന്നും ഇവ ആ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥക്ക് വളരെ മികച്ച പ്രാധാന്യം നൽകിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിയൽ എസ്റ്റേറ്റ് മേഖലക്ക് പുറമേ മറ്റു മേഖലകളിലും വളർച്ച കൈവരിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. എൻജിനീയറിങ്, ആരോഗ്യം, അധ്യാപനം തുടങ്ങി വ്യത്യസ്ത മേഖലകളിൽ കൂടുതൽ വിദഗ്ധരെ ആകർഷിക്കാനും അതുവഴി കൂടുതൽ പുരോഗതി കൈവരിക്കാനും സാധിക്കും. ഇതിനകം 500ലധികം പേർ ഗോൾഡൻ വിസക്ക് അപേക്ഷിച്ചതായാണ് വിവരം.