മനാമ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ദാന മാളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ break the bias എന്ന തലക്കെട്ടിൽ പാനൽ ചർച്ച സംഘടിപ്പിച്ചു. മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ മോഡറേറ്ററായ ചർച്ചയിൽ സൈറ രഞ്ജ്, ശൈഖ നാസർ സാഅദ് അൽ സൊയ്ദ്, ദാന സുബാരി, തൻമയി മോഹൻ, അനിത മേനോൻ, രോഹിണി സുന്ദരം, സി.കെ. തനിമ, മെയ് അവാദാ, ശർമിള സേഠ്, സാറ അൽസമ്മാക്ക്, സെബാഹത് ഇസിക്, ഹനാൻ അലതാവി എന്നിവരും സന്നിഹിതരായിരുന്നു. ജോലിയും ജീവിതവും തമ്മിലെ സന്തുലിതത്വം, സാമ്പത്തിക സ്വാശ്രയത്വം തുടങ്ങിയ വിഷയങ്ങളിലെ കാഴ്ചപ്പാടുകൾ അവർ പങ്കുവെച്ചു.
ആഘോഷങ്ങളുടെ ഭാഗമായി ബഹ്റൈൻ ടെന്നിസ് ഫെഡറേഷൻ വനിതകൾക്കായി പരിശീലന പരിപാടിയും സംഘടിപ്പിച്ചു. തുടർന്ന് യോഗ ക്ലാസ്, തൈക്വാൻഡോ പരിശീലനം എന്നിവയുമുണ്ടായിരുന്നു.
ലോകത്തെ കൂടുതൽ സുന്ദരമാക്കാൻ നൽകുന്ന സംഭാവനകൾക്ക് സമൂഹത്തിലെ എല്ലാ സ്ത്രീകളോടും നന്ദി പറയാനും അവരുടെ സേവനങ്ങൾ അനുസ്മരിക്കാനുമുള്ള അവസരമാണ് അന്താരാഷ്ട്ര വനിതദിനമെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. നമ്മുടെ ജീവിതത്തിലേക്ക് വളരെയധികം പുതുമകൾ, സർഗ്ഗാത്മകത, പ്രൊഫഷണലിസം, പരിചരണം എന്നിവ കൊണ്ടുവരുന്നതിനും, ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിനുമുള്ള അവരുടെ സംഭാവനയ്ക്ക് കടപ്പാട് വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷത്തെ ഇവന്റ് സന്ദേശം സ്ത്രീകളുടെ നല്ല തീരുമാനങ്ങൾ എടുക്കലിനെ കേന്ദ്രീകരിച്ചാണെന്നും സ്പോർട്‌സ്, ഫിറ്റ്‌നസ്, എല്ലാ മേഖലകളിലും അവർ കൈവരിച്ച മുന്നേറ്റങ്ങളിൽ ആശംസകൾ അർപ്പിക്കുന്നതായും അദ്ദേഹം അറിയിച്ചു.