മനാമ: വിനയവും ലാളിത്യവും സമന്വയിച്ച മഹാനും എല്ലാവരുടേയും സ്നേഹവും സാഹോദര്യവും കാത്തുസൂക്ഷിച്ച ഈ കാലഘട്ടത്തിന്റെ കാവൽക്കാരനുമായിരുന്നു നമ്മോട് വിട പറഞ്ഞ ഹൈദരലി തങ്ങളെന്ന് കെഎംസിസി ബഹ്‌റൈൻ ഒരുക്കിയ അനുശോചന സംഗമത്തിലെ പ്രാസംഗികർ ചൂണ്ടികാട്ടി.
ബഹ്‌റൈൻ കെഎംസിസി ഹാളിൽ തിങ്ങി നിറഞ്ഞ മയ്യിത്ത് നിസ്കാരത്തിനു ശേഷം നടന്ന അനുശോചന സംഗമത്തിൽ സമൂഹത്തിലെ നാനാ തുറകളിൽ പെട്ട വിവിധ സാമൂഹ്യ സാംസ്‌കാരിക, മത വേദികളിലെ നേതാക്കൾ പങ്കെടുത്തു. ജീവിതത്തിലുടനീളം വിശുദ്ധിയുടെ വെണ്മ കാത്തുസൂക്ഷിക്കുകയും മത സൗഹാർ ദത്തിന്റെ കൊടിയടയാളം ഉയർത്തിപ്പിടിക്കുകയും ചെയ്ത മഹാ വ്യക്തിത്വമായിരുന്നു ഹൈദരലി തങ്ങളെന്നു നേതാക്കൾ ഉണർത്തി. കെഎംസിസി ബഹ്‌റൈൻ ആക്ടിങ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അധ്യക്ഷനായിരുന്നു.
ജാതിമത ചിന്തകൾക്കതീതമായി എല്ലാ വിഭാഗങ്ങളെയും ഒരുപോലെ കണ്ട തങ്ങൾ വിവാദങ്ങളോട് അകലം പാലിച്ച അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നുവെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി. തങ്ങളുടെ വിനയവും കളങ്കമില്ലാത്ത മനസ്സും ഏവരേയും ആകർഷിക്കുന്ന രൂപത്തിൽ ആയിരുന്നുവെന്നും അദ്ദേഹത്തിന്റെ സംസാരത്തിലും ചലനങ്ങളിലും വരെ വിനയവും സൗമ്യതയും പ്രകടമായിരുന്നുവെന്നും ബഹ്റൈനിലെ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സംസാരിച്ച നേതാക്കൾ പറഞ്ഞു.
ഒരു യുഗാന്തര ദീപ്തി പോലെ രാഷ്ട്രീയ കേരളത്തിന്റെ രചന വിഹായസ്സിൽ വെട്ടിത്തിളങ്ങിയ കർമ്മ യോഗിയും പതിത ലക്ഷങ്ങളുടെ പടത്തലവനും പതറാത്ത മനസ്സുമായി ഈ കർമ്മഭൂമിയെ ശാദ്വലമാക്കിയ ധർമ്മ യോദ്ധാവായിരുന്നു നമ്മോട് വിട പറഞ്ഞ തങ്ങളെന്ന് നേതാക്കൾ കൂട്ടിച്ചേർത്തു.
സാമുദായിക രാഷ്ട്രീയത്തെ കാപട്യത്തിനും കലാപത്തിനും കാലുഷ്യ ത്തിനും കൈവിട്ടുകൊടുക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ച കാലഘട്ടത്തിന്റെ കാവൽക്കാരൻ നമുക്ക് കാണിച്ചു തന്ന മാതൃക പിന്തുടരാനും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ പുതിയ നേതൃത്വം അതിനനുസരിച്ച് പ്രവർത്തിക്കുമെന്നും നേതാക്കൾ പ്രത്യാശിച്ചു.
സോമൻ ബേബി, പി വി രാധാകൃഷ്ണൻ പിള്ള, പ്രിൻസ് നടരാജൻ, എസ് എം അബ്ദുൽ വാഹിദ്, സുബൈർ കണ്ണൂർ, ജമാൽ നദ്‌വി, ബിനു കുന്നന്താനം, അബ്രഹാം ജോൺ, വർഗീസ് കാരക്കൽ, എസ് വി ജലീൽ, എം സി അബ്ദുൽ കരീം, സുഹൈൽ മേലടി, ചെമ്പൻ ജലാൽ, അസീൽ അബ്ദുൽ റഹിമാൻ, ഷാനവാസ് ആസ്റ്റർ,
ഷൗക്കത്തലി ലൈഫ്കേർ, രാജീവ് വെള്ളിക്കോത്ത്, ജലീൽ മാധ്യമം, കെ ടി സലിം, റഷീദ് മാഹി, റഫീഖ് അബ്ദുല്ല, റിസാലുദ്ധീൻ, സൈഫ് അഴീക്കോട് എന്നീ പ്രമുഖർ പങ്കെടുത്തു സംസാരിച്ചു.
കെഎംസിസി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ സ്വാഗതം പറഞ്ഞു. ബഹ്‌റൈൻ കെഎംസിസി ഭാരവാഹികളായ റസാഖ് മൂഴിക്കൽ, മുസ്തഫ കെ പി, ഷാഫി പറക്കട്ട, ശംസുദ്ധീൻ വെള്ളിക്കുളങ്ങര, ഗഫൂർ കൈപ്പമംഗലം, റഫീഖ് തോട്ടക്കര, എ പി ഫൈസൽ, ഒ കെ കാസിം, കെ യു ലത്തീഫ്, എം എ റഹ്മാൻ എന്നിവർ നിയന്ത്രിച്ചു.