ഐശ്വര്യത്തിന്റെ കണിത്താലത്തില്‍ സമൃദ്ധിയുടെ പൊന്‍പ്രഭ നിറച്ച് എല്ലാ മലയാളികളും ഇന്ന് വിഷു ആഘോഷിക്കുന്നു. വരാനിരിക്കുന്ന നല്ല നാളുകളിലേക്കാണ് ഈദിനം കണികണ്ടുണര്‍ന്നത്. ഉദാത്തമായ കാര്‍ഷിക സംസ്‌കാരവും ഉത്സാഹത്തിന്റെയും ഒത്തൊരുമയുടേയും ഒത്തുചേരലിന്റെയും സന്ദേശമാണ് അന്നും ഇന്നും വിഷു മലയാളിക്ക് പകര്‍ന്ന് നല്‍കുന്നത്. വിഷു ആഘോഷവും ഓണം പോലെ തന്നെ മലയാളിയുടെ സംസ്കാരത്തിന്റെയും ഹൃദയത്തിന്റേയും ഭാഗമാണ്.
പകലും രാത്രിയും പപ്പാതി പങ്കിടുന്ന ദിവസം കൂടിയാണ് വിഷു. തേച്ചൊരുക്കിയ ഓട്ടുരുളിയും അരിയും നെല്ലും പാതി നിറച്ച്, അലക്കിയ മുണ്ടും, പൊന്നും വാല്‍ക്കണ്ണാടിയും വെള്ളരിയും കണിക്കൊന്നയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച് വച്ച നിലവിളക്കും ഒക്കെയായി മലയാളികള്‍ വിഷു ആഘോഷിക്കുന്നു.
കണിയും കൈനീട്ടവും മനസിൽ നിറഞ്ഞു നിൽക്കുന്ന ഉത്സവമാണ് വിഷു. കേരളീയരുടെ കാര്‍ഷികോത്സവം എന്നാണ് വിഷു അറിയപ്പെടുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് വിശ്വാസം. കേരളത്തിൽ ശ്രീകൃഷ്ണന്റെ ആരാധനയുമായി ബന്ധപ്പെട്ട് വിഷുവിന് പ്രാധാന്യമുണ്ട്. ഗുരുവായൂർ പോലെയുള്ള ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ മേടവിഷു വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.
അപ്രിയമായതെല്ലാം കണ്‍മുന്നില്‍നിന്ന് മറച്ചാണ് മുതിര്‍ന്നവര്‍ കുട്ടികളെ കണികാണാനെത്തിക്കുന്നത്. നിലവിളക്കിന്റെ ദീപപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന കാര്‍ഷിക വിഭവങ്ങളില്‍ക്കിടയിലൂടെ കാണാം ഓടക്കുഴല്‍ ഊതി നിൽക്കുന്ന കണ്ണനെ അതോടൊപ്പം കസവിന്റെയും സ്വര്‍ണമാലയുടെയും തിളക്കം. ഓട്ടുരുളിയിലെ വാല്‍ക്കണ്ണാടി. പുതിയവര്‍ഷത്തിലെ സമൃദ്ധിയുടെ നല്ല കാഴ്ച. വീട്ടിലെ മുതിർന്നവർ തരുന്ന കൈനീട്ടവും എല്ലാംകൂടി വരുന്ന വർഷത്തെ ഐശ്വര്യപൂർണ്ണമാകുന്നു. കണിക്കൊന്നയും കണിവട്ടങ്ങളുമൊരുക്കുന്ന ആഘോഷനിര്‍ഭരമായ ഈ വിഷുദിനങ്ങള്‍ എന്നുമെന്നും ഐശ്വര്യവും സമ്പദ്സമൃദ്ധിയും നിറഞ്ഞതാവട്ടെ…