മനാമ: വിശ്വാസികളുടെ ജീവിതത്തെ മുച്ചൂടും മാറ്റിപ്പണിയാനുള്ള സുവർണാവസരമാണ് റമദാൻ എന്ന് പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. ദാറുൽ ഈമാൻ കേരള വിഭാഗം സംഘടിപ്പിച്ച ‘അഹ്‌ലൻ റമദാൻ’ പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ സ്വന്തത്തിലേക്ക് തന്നെ തിരിഞ്ഞുനോക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനുമുള്ള സന്ദർഭമാണ് ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന റമദാനിലെ ദിനരാത്രങ്ങൾ. ദൈവ ഭക്തി, പാപമോചനം, നരക വിമുക്തി, ദൈവത്തിന്റെ ഭാഗത്തു നിന്നുള്ള അംഗീകാരം തുടങ്ങിയവയാണ് നോമ്പിലൂടെ വിശ്വാസികൾ കരസ്ഥമാക്കുന്നത്. ഈ അവസരമാ കൃത്യമായി ഉപയോഗിക്കാനുള്ള തയ്യാറെടുപ്പുകളും ജാഗ്രതയും ഓരോ വിശ്വാസികളിലും ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദാറുൽ ഈമാൻ കേരള വിഭാഗം രക്ഷാധികാരി സഈദ് റമദാൻ നദ്‌വി ആമുഖ ഭാഷണം നടത്തിയ പരിപാടിയിൽ ജനറൽ സെക്രട്ടറി അബ്ബാസ് മലയിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ പി പി ജാസിർ നന്ദിയും പറഞ്ഞു. എ എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു. മുഹമ്മദ് ഷാജി, യൂനുസ് രാജ് എന്നിവർ നേതൃത്വം നൽകി.