മനാമ:
രണ്ടു വർഷത്തിനൊടുവിൽ ബഹ്റൈനിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലാതാക്കി. ഔട്ട്ഡോറിലും ഇൻഡോറിലും ഇനി മാസ്ക് ധരിക്കൽ ഇഷ്ടാനുസരണമാകാമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള ദേശീയ മെഡിക്കൽ സമിതി അറിയിച്ചു. തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. കോവിഡ് മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നടപ്പാക്കിയിരുന്ന ട്രാഫിക് ലൈറ്റ് സംവിധാനം ഒഴിവാക്കാനും തീരുമാനിച്ചു.
ഭാവിയിൽ വേണ്ടി വന്നാൽ വീണ്ടും നടപ്പാക്കുമെന്നും മെഡിക്കൽ സമിതി അറിയിച്ചു. നിലവിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയാണ് പുതിയ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. മാസ്ക് ധരിക്കൽ നിർബന്ധമല്ലാതാക്കിയെങ്കിലും പ്രായമായവരെയും വിട്ടുമാറാത്ത രോഗങ്ങളുള്ളവരെയും സന്ദർശിക്കുേമ്പാൾ മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് മെഡിക്കൽ സമിതി അറിയിപ്പിൽ വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന് രാജ്യം ഇതുവരെ സ്വീകരിച്ച നടപടികൾ ഫലപ്രദമാണെന്നും സമിതി വിലയിരുത്തി.