മനാമ: വിവിധതലങ്ങളിൽ ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ പുരോഗതി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ പ്രതിനിധികൾ തമ്മിൽ നടന്ന അഞ്ചാം വട്ട കൂടിക്കാഴ്ചയിൽ വിലയിരുത്തി. ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ വിദേശകാര്യ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫയാണ് ബഹ്റൈൻ സംഘത്തെ നയിച്ചത്. ഇന്ത്യൻ സംഘത്തിന് വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (സി.പി.വി & ഒ.ഐ.എ) ഡോ. ഔസാഫ് സഈദ് നേതൃത്വം നൽകി.
രാഷ്ട്രീയ, വാണിജ്യ, നിക്ഷേപ, ആരോഗ്യമേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ഇരുകൂട്ടരും ചർച്ച നടത്തി. തൊഴിൽസംബന്ധമായ വിഷയങ്ങൾ, കോൺസുലാർ സേവനങ്ങൾ, പുനരുപയോഗിക്കാവുന്ന ഊർജം, സിവിൽ ഏവിയേഷൻ, ബഹിരാകാശ ശാസ്ത്രം എന്നിവയിൽ അനുഭവ സമ്പത്ത് കൈമാറുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ഇന്ത്യയും ബഹ്റൈനും നയതന്ത്രബന്ധം ആരംഭിച്ചതിന്റെ സുവർണ ജൂബിലിയിൽ എത്തിനിൽക്കെ, പരസ്പര ബന്ധത്തിന്റെ പുരോഗതിയിൽ ഇരുകൂട്ടരും സംതൃപ്തി രേഖപ്പെടുത്തി.