മനാമ: പ്രമുഖ മലയാളി വ്യവസായിയും ലുലു ഫിനാൻഷ്യൽ ഹോൾഡിങ് മാനേജിംഗ് ഡയറക്ടറുമായ അദീബ് അഹമ്മദിന് ബഹ്റൈൻ ഗോൾഡൻ വിസ ലഭിച്ചു. ബഹ്റൈൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് പാലസിൽ വച്ച് നേരിട്ട് ഗോൾഡൻ വിസ സമ്മാനിച്ചത്.
ഗോൾഡൻ വിസ ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ടെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫക്കും ബഹ്‌റൈൻ സർക്കാരിനും ആത്മാർത്ഥമായി നന്ദി പറയുന്നതായും വിസ ഏറ്റുവാങ്ങുന്നതിനിടെ അദീബ് പറഞ്ഞു. ഈ ധന്യ മുഹൂർത്തത്തിന് അവസരമൊരുക്കിയ സ്ഥാപനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ച ബഹ്റൈനിലെ ഓരോ പൗരന്മാരോടും കടപ്പാടറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിക്ഷേപ വർധനക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചത്. വിഷൻ 2030ന് അനുസൃതമായി നിരവധി ആനുകൂല്യങ്ങളോടെ പ്രഖ്യാപിച്ച ഗോൾഡൻ വിസ രാജ്യത്ത് എല്ലാ തലങ്ങളിലും പുരോഗതിക്ക് കാരണമാകുമെന്ന് പ്രഖ്യാപന വേളയിൽ അധികൃതർ വ്യക്തമാക്കിയിരുന്നു.
ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈന്റെ മുഖച്ഛായ തന്നെ മാറ്റാൻ പ്രാപ്തമാക്കുമെന്നും അദീബ് കൂട്ടിച്ചേർത്തു.