മനാമ: പതിനഞ്ചാമത് ടൊയോട്ട ഡ്രീം കാർ ആർട്ട് മത്സരത്തിന്റെ റീജിയണൽ എഡിഷനിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥി ത്രിദേവ് കരുൺ അമ്പായപുറത്ത് (12) ജേതാവായി. ടൊയോട്ട ഡ്രീം കാർ ആർട്ട് മത്സരത്തിന്റെ 12-15 വയസ്സ് വരെയുള്ള വിഭാഗത്തിലാണ് ഈ വിദ്യാർത്ഥി വിജയിച്ചത്. വളർന്നുവരുന്ന യുവ കലാകാരന്മാർക്ക് അവരുടെ സൃഷ്ടിപരമായ ഭാവനയെ പ്രകടിപ്പിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു മത്സരത്തിന്റെ ലക്‌ഷ്യം. ഈ പ്രായ വിഭാഗത്തിൽ ബഹ്‌റൈനിൽ നിന്നുള്ള ഏക ജേതാവാണ് ത്രിദേവ്, മറ്റ് രണ്ട് വിജയികൾ കുവൈറ്റ് സിറ്റിയിൽ നിന്നും ഇറാഖിൽ നിന്നുമാണ്. ഒരു റീജ്യണൽ ജേതാവ് എന്ന നിലയിൽ ഈ കൊച്ചു കലാകാരന് ഇബ്രാഹിം കെ കാനൂ അധികൃതരിൽ നിന്ന് 3,000 ഡോളർ ക്യാഷ് പ്രൈസ് ലഭിച്ചു. കൂടാതെ ത്രിദേവിന്റെ കലാസൃഷ്‌ടി ഇപ്പോൾ ലോക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പ്രവാസികളായ തൃലേഷ് കുമാർ അമ്പായപ്പുറത്തിന്റെയും ധീഷ്മ തൃലേഷ് കുമാറിന്റെയും മകനാണ് ത്രിദേവ്.
കലാസൃഷ്‌ടിയെക്കുറിച്ച് ത്രിദേവ് പറയുന്നതിങ്ങനെ: ‘എന്റെ കലാസൃഷ്ടിയിൽ പറക്കുന്ന ഡ്രോൺ കാറാണ് ചിത്രീകരിക്കുന്നത്, ഇത് മറ്റ് കാറുകളിൽ നിന്ന് വ്യത്യസ്തമാണ്. ഡ്രോൺ കാറുകൾ സ്വതന്ത്രമായി പറക്കുന്നതും ചുറ്റും മനോഹരമായ ഡ്രോൺ പാർക്കിംഗ് സ്ഥലങ്ങളുള്ളതും കൃത്യസമയത്ത് ലക്ഷ്യത്തിലെത്താനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ലോകത്തിനായി എന്റെ സ്വപ്നത്തിൽ ഞാൻ കാത്തിരിക്കുകയാണ്.’
ചിത്രരചനാ മത്സരത്തിൽ റീജിയണൽ വിജയിയായി ഉയർന്നുവന്ന ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയെ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.