മനാമ: ക്രിസ്തുനാഥനെ ജറുസലം നിവാസികൾ സ്വീകരിച്ചതിന്‍റെ ഓർമ പുതുക്കി ഓശാന ഞായറിൽ തുടങ്ങിയ വിശുദ്ധ വാരത്തിന് സമാപനം കുറിച്ച്, ഉയർപ്പിന്‍റെ പ്രത്യാശയുമായി ക്രൈസ്‌തവ വിശ്വാസി സമൂഹം ഈസ്റ്റർ ആഘോഷിക്കുന്നു. ക്രിസ്തുദേവ പീഡാനുഭവവും കുരിശുമരണവും സ്മരിച്ച് വിശ്വാസികൾ ബഹ്‌റൈനിലും ദുഃഖവെള്ളി ആചരിചിരുന്നു. ബഹ്‌റൈനിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളിലായി പുരോഹിതർ കാർമികത്വം വഹിച്ച ചടങ്ങുകളിൽ ആയിരങ്ങളായിരുന്നു പങ്കെടുത്തത്.
ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ ഈസ്റ്റർ ശുശ്രൂഷക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരിശുദ്ധ സിനഡ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകി. ‘ഉയിർപ്പ് പ്രഖ്യാപനം’അദ്ദേഹം നിർവഹിച്ചു. ഇടവക വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ, ഫാ. സുനിൽ കുര്യൻ ബേബി എന്നിവർ സഹ കാർമികത്വം വഹിച്ചു.
ഹാശാ ആഴ്ച ആരാധനകളുടെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷക്ക് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
കത്തീഡ്രൽ വികാരി ഫാ. ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തിൽ, സഹ വികാരി ഫാ. സുനിൽ കുര്യൻ ബേബി എന്നിവർ സഹ കാര്‍മികത്വം വഹിച്ചു.
ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ ഈസ്റ്റർ ശുശ്രൂഷകൾക്ക് റവ. ഫാ. റോജൻ പേരകത്തും, റവ. ഫാ. യൂഹാനോൻ വേലിക്കകത്തും നേതൃത്വം നൽകി.