മനാമ: ബഹ്‌റൈൻ കേരളീയ സമാജം (ബി.കെ.എസ്) മെയ് ദിനം പതിവുപോലെ വിപുലമായി ആഘോഷിക്കുന്നു. വിവിധ തൊഴിൽശാലകളിലും അല്ലാതെയും ജോലി ചെയ്യുന്ന ഏതൊരാൾക്കും പങ്കെടുക്കുവാൻ പറ്റിയ വിവിധ കലാ കായിക പരിപാടികൾ മെയ് ഒന്നിന് കാലത്ത് 10 മണിമുതൽ വൈകീട്ടുവരെ ബി.കെ.എസ്സിൽ നടക്കുമെന്ന് ആക്ടിങ് പ്രസിഡന്റ് പി.എൻ. മോഹൻ രാജ്, ജനറൽ സെക്രട്ടറി എം.പി. രഘു എന്നിവർ അറിയിച്ചു.
കരോക്കി മലയാളം, ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ, മലയാളം സമൂഹഗാനം, കബഡി, വടംവലി,ചിത്രരചന എന്നീ ഇനങ്ങളിലാണ് മൽസരങ്ങൾ നടക്കുന്നത്. ഗ്രൂപ്പ് കലാ ഇനങ്ങളിൽ അഞ്ചിൽ കുറയാത്തതും പത്തിൽ കൂടാത്തതുമായ അംഗങ്ങൾ ഉണ്ടായിരിക്കണം. കൂടാതെ വൈകുന്നേരം 5 മുതല്‍ 7 മണി വരെ ലൈവ് ഓർക്കസ്ട്രയും സംഘടിപ്പിക്കുന്നുണ്ട്. കലാകായിക മത്സരങ്ങളിലും, ഓർക്കസ്ട്രയിലും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മെയ് ദിന ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.ടി.സലിം (33750999), കൺവീനർമാരായ വിനോദ് ജോൺ (39458480), രജി കുരുവിള (39449958) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. മെയ് ദിന ആഘോഷങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.