മനാമ: പ്രശസ്ത കർണാടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ നിത്യശ്രീ മഹാദേവനും സംഘവും ബഹ്റൈനിലെത്തി. സംഘത്തെ വിമാനത്താവളത്തിൽ വെച്ച് കേരളീയ സമാജം പ്രതിനിധികൾ സ്വീകരിച്ചു.
ബഹറൈൻ കേരളീയ സമാജം ഇൻഡോ ബഹറൈൻ മ്യൂസിക് & ഡാൻസ് ഫെസ്റ്റിന്റെ ആറാം ദിവസമായ മെയ് എട്ടിന് നടക്കുന്ന സംഗീതക്കച്ചേരിക്കായാണ് നിത്യശ്രീ മഹാദേവനും സംഘവും എത്തിച്ചേർന്നത്. വൈകിട്ട് 7.30 PM മുതൽ ആരംഭിക്കുന്ന നടക്കുന്ന സംഗീത കച്ചേരിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും കൺവീനർ പ്രശാന്ത് ഗോവിന്ദപുരവും പത്രക്കുറിപ്പിൽ അറിയിച്ചു.
ശാസത്രിയ സംഗീതത്തിലും ജനപ്രിയ സിനിമാ സംഗീതത്തിലും ഒരേ സമയം പ്രതിഭ തെളിയിച്ച നിത്യശ്രീ മഹാദേവൻ ഏ ആർ റഹ്മാനടക്കമുള്ള സംഗീതജ്ഞരുമായി നിരവധി ലൈവ് സംഗീത പരിപാടികളിൽ പങ്കെടുത്തു വരുന്നുണ്ട്. വയലിനിൽ വിദ്വാൻ രാഘവേന്ദ്ര റാവു, മൃദംഗത്തിൽ പ്രവീൺ സ്പർശും ഘടത്തിൽ സുകന്യ രാംഗോപാലും വോക്കലിൽ തനുജശ്രീയും വേദി പങ്കിടും.