മനാമ: ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന ഇന്തോ-ബഹ്റൈൻ ഡാൻസ് ആൻഡ് മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായി ഇന്ന് മെയ് 9 തിങ്കളാഴ്ച രാത്രി എട്ടിന് ‘ബുദ്ധ-ദി ഡിവൈൻ’ നൃത്ത നാടകം അരങ്ങേറും. ഫെസ്റ്റിവൽ ഡയറക്ടർ സൂര്യ കൃഷ്ണമൂർത്തിയുടെ മേൽനോട്ടത്തിൽ വിദ്യാശ്രീ രചനയും കോറിയോഗ്രാഫിയും സംവിധാനവും നിർവഹിച്ച നൃത്ത നാടകത്തിൽ നാൽപതോളം കലാകാരന്മാരാണ് അണിനിരക്കുന്നത്.
ഗൗതമ ബുദ്ധയുടെ പത്നി ദേവി യശോധരയുടെ കണ്ണിലൂടെ ബുദ്ധയുടെ ജീവിതം നോക്കി കാണുന്നതാണ് കലാസൃഷ്ടി. ബുദ്ധ ബഹ്റൈനിൽ നിന്നുള്ള മികച്ച സംഗീത നൃത്ത നാടകമായിരിക്കുമെന്നും ബുദ്ധൻ്റെ അധികം പരാമർശിച്ചു കാണാത്ത കുടുംബ ജീവിത പരിസരത്തെ പരിചയപ്പെടുത്തുന്ന മികച്ച ദൃശ്യാനുഭവമായിരിക്കുമെന്നും സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
സംസ്കൃത പണ്ഡിതൻ ഡോ. എൽ. സമ്പത്തിന്റെ വരികൾക്ക് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത് സംഗീതജ്ഞനും, എ.ആർ. റഹ്മാന്റെ ഓസ്കർ നേടിയ ഓർക്കസ്ട്രയിലെ അംഗവുമായ പാലക്കാട് ശ്രീറാം ആണ്. നാടകകൃത്തും സംവിധായകനും തിയറ്റർ അക്കാദമീഷ്യനുമായ ഡോ. സാംകുട്ടി പട്ടങ്കരിയാണ് ലൈറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ജേക്കബ് ക്രിയേറ്റിവ് ബീസ് ക്രിയേറ്റിവ് ഡയറക്ടറും വിനോദ് വി. ദേവനും നയൻതാര സലീമും അസോസിയേറ്റ് ഡയറക്ടർമാരുമാണ്. ബുദ്ധ പ്രദർശനം കാണാനായി മുഴുവൻ കലാപ്രേമികളെയും സ്വാഗതം ചെയ്യുന്നതായും പ്രവേശനം സൗജന്യമായിരിക്കുമെന്നും ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.