മനാമ: അന്താരാഷ്ട്ര നേഴ്സസ് ദിനത്തിൽ ബഹ്റൈൻ നവകേരള ‘ഭൂമിയിലെ മാലാഖമാർക്കൊരു സ്നേഹസ്പർശം’ എന്ന പേരിൽ, സ്വകാര്യ ആശുപത്രിയിലെ മുഴുവൻ നേഴ്സുമാരെയും ആദരിച്ചു. പ്രസിഡന്റ് എൻ കെ .ജയന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ രാമത്ത് ഹരിദാസ് അനുമോദന പ്രസംഗം നടത്തി. നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലപ്പെട്ട സേവനം ഓർമ്മപ്പെടുത്താൻ കൂടിയാണ് ഈ ദിനമെന്നും,സാമൂഹിക ജീവിതത്തിൽ സാന്ത്വനമായി മാറുന്ന കരുണയുടെ മുഖമുദ്രയാണ് നേഴ്സുമാരെന്നുംഅനുമോദന പ്രസംഗത്തിൽ പറഞ്ഞു. ഷാജി മൂതല , അബിത സുഹൈൽ , ആശുപത്രി മുഹറഖ് ഹെഡ് ഗിരീഷ് കുമാർ , നഴ്സിംഗ് ഇൻചാർജ് ടി.ജയപ്രഭ, എന്നിവർ സംസാരിച്ചു. ലസിത ജയൻ , ജിഷ ശ്രീജിത്ത് എന്നിവർ നേഴ്സുമാർക്ക് റോസാ പൂവും, മധുരവും നൽകി. ഉണ്ണി സോപാനം, ജേക്കബ്ബ് മാത്യൂ , സുനിൽ ദാസ് ബാല, പ്രവീൺ മേൽപത്തൂർ, എം.സി. പവിത്രൻ , ശ്രീജിത്ത് മൊകേരി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. നവകേരള സെക്രട്ടറി എ.കെ. സുഹൈൽ സ്വാഗതവും, ജിഷ ശ്രീജിത്ത് നന്ദിയും പറഞ്ഞു.