മനാമ: കേരള ഫുട്ബാള്‍ അസോസിയേഷന് ബഹ്റൈന്‍ (കെ.എഫ്.എ) കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ‘സൂപ്പർ കപ്പ് 2022’ എന്ന പേരിൽ മെഗാ ഫുട്ബാള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. മേയ് 19, 20, 26, 27, ജൂൺ 2, 3, 9, 10 തീയതികളിൽ ഹൂറ ഗോസി കോംപ്ലക്സിനു പിൻവശമുള്ള ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടു പ്രഫഷനൽ ടീമുകളും 16 സെമി പ്രഫഷനൽ ടീമുകളും 32 അമച്വർ ടീമുകളും ടൂർണമെന്‍റിൽ പങ്കെടുക്കും.
ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ കായിക വ്യായാമത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രൂപവത്കരിച്ച സംഘടനയാണ് കേരള ഫുട്ബാൾ അസോസിയേഷൻ ബഹ്‌റൈൻ. 54 ക്ലബുകളും 1200ഓളം കളിക്കാരും അസോസിയേഷന് കീഴിലുണ്ട്. ഇതിനകം ചെറുതും വലുതുമായ 23 ടൂർണമെൻറുകൾ അസോസിയേഷൻ സംഘടിപ്പിച്ചിട്ടുണ്ട്.
വാർത്തസമ്മേളനത്തിൽ കെ.എഫ്.എ പ്രസിഡന്‍റ് ഉബൈദ് പൂമംഗലം, വൈസ് പ്രസിഡന്‍റുമാരായ മുഹമ്മദ് റഫീഖ്, ജനറല്‍ സെക്രട്ടറി കൃഷ്ണദാസ്, ട്രഷർ തസ്‌ലീം തെന്നാടൻ, ജോ. സെക്രട്ടറിമാരായ അബ്ദുൽ ജലീൽ, അരുൺ ശരത്, മെംബർഷിപ് കോഓഡിനേറ്റർമാരായ സജ്ജാദ് സുലൈമാൻ, സവാദ് തലപ്പച്ചേരി തുടങ്ങിയവർ പങ്കെടുത്തു.