മനാമ: ഭാരതത്തിന്റെ ഐക്യവും, അഖണ്ഡതയും, മതേതരത്വവും കാത്ത് പുലർത്താൻ ജീവൻ ബലിയർപ്പിച്ച നേതാക്കൾ ആയിരുന്നു കോൺഗ്രസ് നേതാക്കൾ എന്ന് അഡ്വ. സണ്ണി ജോസഫ് എം എൽ എ അഭിപ്രായപെട്ടു. ഒഐസിസി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബസംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കാലഘട്ടത്തിൽ വീണ്ടും മഹാത്മജിയുടെ ഫോട്ടോ കാണുമ്പോൾ നെഞ്ചിലേക്ക് വെടി വയ്ക്കാൻ മടി ഇല്ലാത്ത ആളുകളാണ് രാജ്യം ഭരിക്കുന്നത്. സുവർണ്ണ ക്ഷേത്രത്തിൽ നടന്ന നടപടികൾക്ക് ശേഷം സിക്ക് വിഭാഗക്കാരായ സ്വന്തം അംഗരക്ഷകരിൽ നിന്ന് ആക്രമണം ഉണ്ടാകും എന്ന ഇന്റലിജൻസ് റിപ്പോർട്ട് വകവയ്ക്കാതെ, സിഖ് വിഭാഗത്തിൽപെട്ട ആളുകളെ ഒഴിവാക്കിയാൽ ഇന്ത്യയുടെ മതേതരത്വത്തിന് മുറിവേൽക്കും എന്നും, അവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല എന്നും വിശ്വസിച്ചുകൊണ്ട് എല്ലാവരെയും ചേർത്ത് നിർത്തിയ നേതാവ് ആയിരുന്നു ഇന്ദിരാ ഗാന്ധി.
ശ്രീ പെരുമ്പത്തൂരിൽ എരിഞ്ഞാമർന്ന രാജീവ് ഗാന്ധിയുടെ ചിന്ഹഭിന്നമായ ശരീരം വാരിഎടുക്കുമ്പോൾ അദ്ദേഹത്തിന്റെ കാലിൽകിടന്ന വെള്ളകളറിൽ ഉള്ള ഷൂ മൂലമാണ് അദ്ഹത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. ചിന്ഹഭിന്നമായ മൃതശരീരം ഒരു നോക്ക് നേരിൽ കാണുവാൻ പോലും സാധ്യമാകാതെ അടച്ച പെട്ടിയിൽ സോണിയഗാന്ധിയുടെയും, കൊച്ചു കുട്ടികളായ രാഹുൽ ഗാന്ധിയുടെയും, പ്രിയങ്ക ഗാന്ധിയുടെയും മുന്നിൽ എരിഞ്ഞടങ്ങിയപ്പോൾ അവരുടെ കണ്ണുകളിൽ നിന്ന് അടർന്നുവീണ കണ്ണീർ കണങ്ങൾ ഈ രാജ്യത്തിന് വേണ്ടി സമർപ്പിച്ചത് ആയിരുന്നു.
അങ്ങനെ നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവിതം ഹോമിച്ച പ്രസ്ഥാനം ആണ് കോൺഗ്രസ്. ചില കാലഘട്ടങ്ങളിൽ, ചില നേതാക്കളുടെ പ്രവർത്തനം മൂലം സംഘടനക്ക് ചില പോരായ്മകൾ വന്നിട്ടുണ്ട് എങ്കിലും കോൺഗ്രസ് പാർട്ടിക്ക് മാത്രമേ എല്ലാ വിഭാഗം ആളുകളെയും യോജിപ്പിച്ചു കൊണ്ട് ഇന്ത്യയെ മുന്നിട്ട് നയിക്കുവാൻ സാധിക്കുകയുള്ളു എന്നും അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത് അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ ഗായകനും, സോഷ്യൽ ആക്റ്റിവിസ്റ്റും ആയ യുസഫ് കാരക്കാട് മുഖ്യഅതിഥിയായി പങ്കെടുത്തുകൊണ്ട് മത സൗഹാർദ്ദ സന്ദേശങ്ങൾ ഉൾകൊള്ളുന്ന മാപ്പിളപാട്ടുകൾ ആലപിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, വൈസ് പ്രസിഡന്റ് രവി കണ്ണൂർ, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ, ജില്ലാ ജനറൽ സെക്രട്ടറി ബിജേഷ് ബാലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, ഒഐസിസി നേതാക്കളായ ജവാദ് വക്കം, മനു മാത്യു, ജോയ് എം ഡി, ചെമ്പൻ ജലാൽ, ജെസ്റ്റിൻ ജേക്കബ്, ഷമീം കെ. സി, ജി ശങ്കരപ്പിള്ള, പവിത്രൻ പൂക്കുട്ടി, നിജിൽ രമേശ്, രമേശൻ കണ്ണൂർ, അഷ്‌റഫ് കണ്ണൂർ, ടോം ജോസഫ് , നിസ്സാർ കുന്നംകുളത്തിങ്കൾ, ഉണ്ണികൃഷ്ണപിള്ള, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്,എന്നിവർ നേതൃത്വം നൽകി. പ്രമുഖ വ്യവസായിയും കോപ്പി കെയർ സ്ഥാപനങ്ങളുടെ ജനറൽ മാനേറും കണ്ണൂർ സ്വദേശിയും ആയ ഇബ്രാഹിം വി. പി യെ അനുമോദിച്ചു. പ്രോഗ്രാം കൺവീനർ അജിത് കുമാർ സ്വാഗതവും, ജില്ലാ ട്രഷറർ അനീഷ് ജോസഫ് നന്ദിയും അറിയിച്ചു. കൃഷ്ണ രാജീവ് പരിപാടി നിയന്ത്രിച്ചു.