മനാമ: പരിസ്ഥിതി സംരക്ഷണത്തിനായുള്ള അവബോധവും പ്രവർത്തനവും പ്രോത്സാഹിപ്പിച്ചുകൊണ്ട്, ജൂൺ 5ന് ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് നടത്തിയ ലോക പരിസ്ഥിതി ദിനാചരണത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. നമ്മുടെ മാതൃഗ്രഹമായ ഭൂമിയെ സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള അവബോധവും പ്രാധാന്യവും ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ ‘ഒരേ ഒരു ഭൂമി’ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തനങ്ങൾ. പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആശയങ്ങൾ പങ്കുവെക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.

ആവാസവ്യവസ്ഥയെയും പ്രകൃതിയെയും സംരക്ഷിക്കാൻ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക, കൂടുതൽ ചെടികളും മരങ്ങളും നട്ടുപിടിപ്പിക്കുക, തുടങ്ങിയവയുടെ ആവശ്യകത ഊന്നിപ്പറയുന്ന പോസ്റ്ററുകൾ, ചിത്രങ്ങൾ, ഉദ്ധരണികൾ, കവിതകൾ, പ്രസംഗങ്ങൾ എന്നിവ കൊച്ചുകുട്ടികൾ അവതരിപ്പിച്ചു.

പരിസ്ഥിതി ദിനത്തിന്റെ സന്ദേശം പങ്കുവെക്കുന്നതിനായി അധ്യാപകർ പ്രത്യേക ക്ലാസ് അസംബ്ലികൾ നടത്തി. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കുട്ടികളെ പ്രചോദിപ്പിച്ചു. മരങ്ങൾ നമ്മുടെ ശ്വാസകോശങ്ങളാണെന്നും നദികൾ നമ്മുടെ ജീവിതരേഖയാണെന്നുമുള്ള സന്ദേശങ്ങൾ കുട്ടികൾ ഉയർത്തിക്കാട്ടി. പരിസ്ഥിതിയെയും നമ്മൾ ജീവിക്കുന്ന ലോകത്തെയും സംരക്ഷിക്കുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ലോക പരിസ്ഥിതി ദിനം സംഘടിപ്പിച്ച റിഫ ടീമിനെ അഭിനന്ദിച്ചു.