മനാമ: പുതുതായി നിയമിതരായ മന്ത്രിമാർ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ മുമ്പാകെ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ സാന്നിധ്യത്തിൽ സഖീർ പാലസിലായിരുന്നു ചടങ്ങ്. പുതിയ മന്ത്രിമാരെ ഹമദ് രാജാവ് അഭിവാദ്യം ചെയ്യുകയും ഏൽപിക്കപ്പെട്ട ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
രാജ്യത്തിന്റെയും ജനങ്ങളുടെയും ഉയർച്ചയും വളർച്ചയും ലക്ഷ്യമിടാനും വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനും സാധിക്കേണ്ടതുണ്ടെന്നും യുവത്വത്തിന്റെ ശക്തി രാജ്യപുരോഗതിക്ക് ഉപയോഗപ്പെടുത്താൻ പ്രത്യേകം പരിഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഒരേ ലക്ഷ്യത്തിലേക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാനായാൽ വിജയങ്ങൾ നേടിയെടുക്കാൻ കഴിയുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഉപപ്രധാനമന്ത്രിമാർ നൽകിയ സേവനങ്ങളെ അദ്ദേഹം അനുസ്മരിക്കുകയും അത് കൂടുതൽ ശക്തമായി തുടരണമെന്ന് ഉണർത്തുകയും ചെയ്തു.
ബഹ്റൈൻ മന്ത്രിസഭയിൽ സമൂല അഴിച്ചുപണി നടത്തി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ ദിവസമായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. നാല് വനിതകൾ ഉൾപ്പെടെ 13 മന്ത്രിമാരെയാണ് പുനഃസംഘടനയോട് അനുബന്ധിച് പുതുതായി ഉൾപ്പെടുത്തിയത്.
ചില മന്ത്രിമാരുടെ വകുപ്പുകൾ വിഭജിച്ച് പുതിയ മന്ത്രിമാർക്ക് ചുമതല നൽകി. നാല് പുതിയ വകുപ്പുകൾക്കും രൂപം നൽകിയിട്ടുണ്ട്. സുസ്ഥിര വികസനം, നിയമകാര്യം, ടൂറിസം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് പുതുതായി രൂപവത്കരിച്ച വകുപ്പുകൾ. പുനഃസംഘടനയോടെ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം 24 ആയി. മുനിസിപ്പൽ, കാർഷിക മന്ത്രാലയം പൊതുമരാമത്തിൽനിന്നും വേർപെടുത്തി.
മുനിസിപ്പൽ, കാർഷികകാര്യ മന്ത്രിയായി നേരത്തെ വൈദ്യുതി, ജലകാര്യ മന്ത്രിയായ വാഇൽ അൽമുബാറകിനെയും പൊതുമരാമത്ത് കാര്യ മന്ത്രിയായി ഇബ്രാഹിം അൽ ഹവാജിനെയും നിയമിച്ചു. തൊഴിൽ മന്ത്രാലയത്തിൽനിന്നും സാമൂഹിക ക്ഷേമകാര്യ മന്ത്രാലയം വേർപെടുത്തുകയും ജമീൽ മുഹമ്മദ് അലി ഹുമൈദാനെ തൊഴിൽ മന്ത്രിയായി സ്ഥിരപ്പെടുത്തുകയും ഉസാമ അൽ അസ്ഫൂറിനെ സാമൂഹിക ക്ഷേമകാര്യ മന്ത്രിയായും നിയമിച്ചു. നഗരാസൂത്രണ കാര്യ മന്ത്രാലയത്തെ പാർപ്പിട മന്ത്രാലയത്തിൽ ലയിപ്പിക്കുകയും ആമിന അൽ റുമൈഹിയെ ചുമതലയേൽപിക്കുകയും ചെയ്തു.
പരിസ്ഥിതി കാര്യത്തെ ഓയിൽ കാര്യ മന്ത്രാലയത്തിൽ ലയിപ്പിക്കുകയും പുതുതായി മുഹമ്മദ് ബിൻ ദൈനയെ മന്ത്രിയായി ചുമതലപ്പെടുത്തുകയും ചെയ്തു.
പുതിയ മന്ത്രിമാരും വകുപ്പുകളും
ഡോ. മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന (എണ്ണ, പരിസ്ഥിതി)
മുഹമ്മദ് ബിൻ താമർ അൽ കാബി (ഗതാഗത ടെലി കമ്യൂണിക്കേഷൻ)
ഇബ്രാഹിം ബിൻ ഹസ്സൻ അൽ ഹവാജ് (പൊതുമരാമത്ത്)
യൂസഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫ് (നിയമകാര്യം)
ഒസാമ ബിൻ അഹമ്മദ് ഖലഫ് അൽ അസ്ഫൂർ (സാമൂഹിക വികസനം)
യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ (വൈദ്യുതി, ജലകാര്യം)
ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസ്സൻ (ആരോഗ്യം)
നവാഫ് ബിൻ മുഹമ്മദ് അൽ മാവ്ദ
(നീതിന്യായ, ഇസ്ലാമിക കാര്യം, ഔഖാഫ്)
ഹമദ് ബിൻ ഫൈസൽ അൽ മാൽകി (കാബിനറ്റ് കാര്യം)
അംന ബിൻത് അഹമ്മദ് അൽ റൊമൈഹി (ഭവന, നഗരാസൂത്രണം)
നൂർ ബിൻത് അലി അൽ ഖുലൈഫ് (സുസ്ഥിര വികസനം)
ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി (ടൂറിസം)
ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി (ഇൻഫർമേഷൻ)