മനാമ: രാജ്യത്ത് വേനൽ ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുറം ജോലി ചെയ്യുന്നവർക്ക് ഏർപ്പെടുത്തുന്ന ഉച്ച വിശ്രമ നിയമം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രി ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ വ്യക്തമാക്കി.
തുറസ്സായ സ്ഥലങ്ങളിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കാണ് നിയമം ബാധകമാക്കുക. ഉച്ച 12 മുതൽ വൈകീട്ട് നാലുവരെ പുറം ജോലികൾ പാടില്ല. സൂര്യാതപം, നിർജലീകരണം, മറ്റ് ഉഷ്ണ രോഗങ്ങൾ എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നതിനും തൊഴിലിടങ്ങളിലെ അപകടങ്ങൾ കുറക്കുന്നതിനും ഇത് സഹായിക്കും. ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31വരെയാണ് നിയമം നടപ്പാക്കുക. നിയമം കർശനമായി നടപ്പാക്കണമെന്ന് കമ്പനി അധികാരികളോട് മന്ത്രി നിർദേശിച്ചു.