ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ യോഗ ദിനം ആചരിച്ചു

മനാമ: എട്ടാമത് അന്താരാഷ്ട്ര യോഗാ ദിനം ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ആചരിച്ചു. ‘ഒരു സൂര്യൻ, ഒരു ഭൂമി’ എന്ന ആശയത്തിന് അടിവരയിടുകയും യോഗയുടെ ഏകീകൃത ശക്തി പ്രദർശിപ്പിക്കുകയും ചെയ്യുന്ന ‘ദി ഗാർഡിയൻ റിംഗ്’ ഈ വർഷത്തെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. ഇന്ത്യൻ എംബസിയിൽ നിന്നുള്ള യോഗ വിദഗ്ദൻ രുദ്രേഷ് കുമാർ സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.പ്രൈമറി വിഭാഗം അന്താരാഷ്‌ട്ര യോഗാ ദിനത്തിനായുള്ള പ്രവർത്തനങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. മനസ്സിനെയും ശരീരത്തെയും ക്രമീകരിക്കാൻ ലളിതമായ വ്യായാമങ്ങളും ശ്വസനരീതികളും വിദ്യാർത്ഥികൾ ആസ്വദിച്ചു. വിവിധ വകുപ്പുകളിലായി ചെറുസംഘങ്ങളായാണ് പ്രവർത്തനങ്ങൾ നടത്തിയത്. വിജയകരവും സജീവവുമായ വിദ്യാർത്ഥി ജീവിതത്തിന് ആവശ്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, അച്ചടക്കത്തോടെയുള്ള ദിനചര്യ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഉപദേശം നൽകി.യോഗാസനങ്ങൾ സ്ഥിരതയോടെ പരിശീലിച്ചാൽ കുട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ശാരീരികവും മാനസികവും ആത്മീയവുമായ സ്ഥിരത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ചെയർമാൻ പ്രിൻസ് എസ് നടരാജൻ സന്ദേശത്തിൽ പറഞ്ഞു.വരും തലമുറകളുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി യോഗ പകർന്നു നൽകണമെന്നു സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. കായിക പ്രവർത്തനത്തിന്റെ അവിഭാജ്യ ഘടകമായി യോഗയെ ഉറപ്പാക്കുമെന്ന് റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു.