ഐ വൈ സി സി ബഹ്റൈൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

മനാമ: കോണ്ഗ്രസ്സ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിക്കെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെയും, എം പി ഓഫീസിനെതിരെ എസ്‌ എഫ് ഐ നടത്തിയ അതിക്രമങ്ങൾക്കെതിരെയും ഐ വൈ സി സി ബഹ്റിൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ ഗ്രീൻ പാർക്ക് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വെച്ച് പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു.

കോൺഗ്രസ്സിന്റെ സമുന്നതനായ നേതാവ് രാഹുൽ ഗാന്ധിയെ അന്വേഷണ ഏജൻസികളെ കൊണ്ടു മോദി വേട്ടയാടുമ്പോൾ, കേരളത്തിൽ സർക്കാരിന്റെ അഴിമതികൾക്കെതിരെ ഉയർന്നുവരുന്ന ജനരോഷത്തെ മറയ്ക്കാനായിട്ട് ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകളെ ഉപയോഗിച്ച് പിണറായി സർക്കാർ ആസൂത്രിതമായി കോൺഗ്രസ്സിനെതിരെയും, പാർട്ടി ഓഫീസുകൾക്കെതിരെയും കലാപം അഴിച്ചുവിടുകയാണെന്നും ഇതിന്റെ ഭാഗമായാണ് വയനാട്ടിലെ എം പി ഓഫീസ് തകർക്കപ്പെട്ടതെന്നും മുഖ്യപ്രഭാഷണം നടത്തിയ മുൻ ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റം പറഞ്ഞു.

ഐ വൈ സി സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം പ്രതിഷേധ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്യ്തു. ജോയിന്റ് സെക്രട്ടറി മുഹമ്മദ് ജമീൽ, ഐടി മീഡിയ സെൽ കൺവീനർ അലൻ ഐസക്ക്, മുൻ ദേശീയ പ്രസിഡന്റുമാരായ അജ്മൽ ചാലിയിൽ, അനസ് റഹീം, ബ്ലെസ്സൺ മാത്യു, മുൻ ദേശീയ ട്രഷറർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിക്ക് ദേശീയ സെക്രട്ടറി ബെൻസി ഗനിയൂഡ് സ്വാഗതവും ദേശീയ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പി എം നന്ദിയും പറഞ്ഞു.