മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം റിഫ ഏരിയ വിവിധ യൂണിറ്റ് പരിധികളിൽ പൊതു പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. ഈസ ടൗൺ, ഹാജിയാത്ത്, ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ എന്നിവിടങ്ങളിൽ “മില്ലത്ത് ഇബ്‌റാഹീം” എന്ന വിഷയത്തിൽ നടന്ന പരിപാടികളിൽ സഈദ് റമദാൻ നദ്‌വി, മിദ്‌ലാജ് രിദ, ജമാൽ നദ്‌വി എന്നിവർ പ്രഭാഷണം നടത്തി. പ്രവാചകൻ ഇബ്രാഹിം നബിയുടെ ത്യാഗോജ്ജലമായ ജീവിതസാക്ഷ്യങ്ങൾ പ്രഭാഷകർ വിവരിച്ചു.
മനുഷ്യജീവിത വിജയത്തിന് ദൈവ മാർഗത്തിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. ആ മാർഗം പിൻപറ്റുമ്പോഴാണ് മനുഷ്യർ ദൈവത്തിന്റെ ഇഷ്ട ദാസന്മാരാവുന്നത്. ഇബ്രാഹിം നബിയുടെ പാതയിലൂടെ ഓരോ വിശ്വാസിയും മുന്നോട്ട് പോവേണ്ടതുണ്ട്. സത്യത്തിനും ധർമ്മത്തിനും വേണ്ടി നിലകൊള്ളുമ്പോൾ വിവിധ ഭാഗങ്ങളിൽ നിന്നും വെല്ലുവിളികൾ ഉണ്ടാവുക എന്നത് എക്കാലത്തും സംഭവിക്കുന്നതാണ്. അത്തരം വെല്ലുവിളികളെയും പരീക്ഷണങ്ങളെയും സമചിത്തതയോടെ നേരിടുക എന്നതാണ് ഇബ്രാഹിം പ്രവാചകൻ പഠിപ്പിക്കുന്നതെന്നും പ്രഭാഷകർ ചൂണ്ടിക്കാട്ടി.
പരിപാടികൾക്ക് അഷ്‌റഫ് പി.എഎം, അബ്ദുൽ ഹഖ്, അബ്ദുൽ ജലീൽ, ലത്തീഫ് കടമേരി, ബഷീർ പി.എം, സക്കീർ ഹുസൈൻ, ഇർഷാദ് കുഞ്ഞിക്കനി, സമീർ ഹസൻ എന്നിവർ നേതൃത്വം നൽകി.