യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനുള്ള ആഹ്വാനവുമായി കെഎംസിസി ബഹ്റൈൻ കൊട്ടിക്കലാശം

മനാമ: ബഹ്റൈൻ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി, ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികളായ രാഹുൽ ഗാന്ധിയെ വയനാട്ടിലും, എം കെ രാഘവനെ കോഴിക്കോടും, കെ മുരളീധരനെ വടകരയിലും വൻ ഭൂരിപക്ഷത്തോട് കൂടി വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള കൺവെൻഷനും, കലാശക്കൊട്ടും മനാമ കെഎംസിസി ഹാളിൽ വെച്ച് നടന്നു.

ഇന്ത്യൻ ജനാധിപത്യത്തിന് പ്രവാസിയുടെ കാവൽ എന്ന പ്രമേയവുമായി
ഹാൾ തിങ്ങി നിറഞ്ഞ പ്രൗഢ ഗംഭീരമായ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഫസൽ ബാഫഖി
തങ്ങൾ ഉത്ഘാടനം ചെയ്തു.

വളരെ പ്രാധാന്യമുൾക്കൊള്ളുന്ന ഈ തെരെഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേതൃത്വം കൊടുക്കുന്ന ജനാതിപത്യ ചേരി വിജയിച്ചു വരേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഉദാഹരണ സഹിതം വിവരിച്ചു. കോഴിക്കോട് ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന്നാവശ്യമായ നൂതനമായ പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലാ കെഎംസിസി യെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.

കെഎംസിസി ജില്ലാ പ്രസിഡന്റ് എ പി ഫൈസൽ അധ്യക്ഷനായിരുന്നു.

തെരഞ്ഞെടുപ്പിന്റെ ആരവങ്ങൾ തുടികൊട്ടിയ കലാശക്കൊട്ട്, പ്രവാസിയുടെ ഗൃഹാതുരത്വത്തിന്റെ വിങ്ങുന്ന വീർപ്പു മുട്ടലിൽ നിന്നും നാടണഞ്ഞ പ്രതീതി ഉളവാക്കി..

കെഎംസിസി സംസ്ഥാന പ്രസിഡന്റ് എസ് വി ജലീൽ സാഹിബ് ഇനിയുള്ള മണിക്കൂറുകൾ നമ്മുടെ സ്ഥാനാർത്ഥികളുടെ വിജയത്തിന് നിദാനമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തു.
സോഷ്യൽ വെൽഫെയർ ഫോറം എക്സിസിക്യൂട്ടീവ് അംഗം സിറാജ് പള്ളിക്കര ഇന്ത്യൻ രാഷ്ട്രീയ സംഭവവികാസങ്ങളെ വരച്ചു കാട്ടി രാഹുൽ വിജയിക്കേണ്ടുന്നതിന്റെ ആവശ്യകത ഊന്നി പറഞ്ഞു.

ഇന്ത്യ മഹാരാജ്യം തികഞ്ഞ ഭയപ്പാടോടെ നോക്കി കണ്ട കഴിഞ്ഞ അഞ്ചു വർഷത്തെ മോഡി ഭരണത്തിന്റെ കെടുകാര്യസ്ഥതയും ഇനിയും തുടരാൻ സാധ്യതയുള്ള ഹിഡ്ഡൻ അജണ്ടകളും അക്കമിട്ടു നിരത്തി കൊണ്ട് കെഎംസിസി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര, സംസ്ഥാന സെക്രട്ടറി അസൈനാർ കളത്തിങ്കൽ, ജില്ലാ ഉപാധ്യക്ഷൻ അസ്‌ലം വടകര, മുഹമ്മദ് സിനാൻ, ശറഫുദ്ധീൻ മാരായമംഗലം എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന നേതാക്കളായ കെ പി മുസ്തഫ, ടി. പി മുഹമ്മദലി, സിദ്ധീഖ് കണ്ണൂർ, ജില്ലാ ഭാരവാഹികളായ ഫൈസൽ കണ്ടിത്താഴ, മൻസൂർ പി.വി, ശരീഫ് വില്യാപ്പള്ളി തുടങ്ങിയവരും, ഏരിയ മണ്ഡലം പഞ്ചായത് നേതാക്കളും സന്നിഹിതരായിരുന്നു.

ജില്ലാ ജനറൽ സിക്രട്ടറി ഫൈസൽ കോട്ടപ്പള്ളി സ്വാഗതവും, ജില്ലാ ട്രഷറർ ഓ.കെ കാസ്സിം നന്ദിയും പറഞ്ഞു.