മനാമ: ആം ആദ്മി പാർട്ടിയുടെ ബഹ്‌റൈനിലെ പ്രവർത്തകരുടെ യോഗം സഗയ റെസ്റ്റോറന്റിൽ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ ആം ആദ്മി പാർട്ടിയുടെ ആന്റി കറപ്‌ഷൻ വിങ് സംസ്ഥാന കൺവീനർ ജോയ് തോമസ് ആനിത്തോട്ടം, എറണാകുളം ജില്ലാ കൺവീനർ സാജു പോൾ എന്നിവർ വീഡിയോ കോൺഫറൻസിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കേരളത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വൈദ്യുതി ചാർജ് വർധനയ്ക്ക് എതിരെ ആം ആദ്മി പാർട്ടി കേരളത്തിൽ നടത്തുന്ന പ്രതിഷേധ സമരങ്ങൾക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. വൈദ്യുതി ബോർഡ് പിരിച്ചെടുക്കാനുള്ള കുടിശ്ശികയായ 2771 കോടി രൂപ സമയബന്ധിതമായി പിരിച്ചെടുക്കാതെ ജനങ്ങൾക്ക് മേൽ അധികഭാരം ചുമത്തുന്ന സംസ്ഥാന സർക്കാർ നടപടിയെ ആം ആദ്മി ബഹ്‌റൈൻ ഘടകം ശക്തമായി അപലപിച്ചു.
ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് വേറിട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആം ആദ്മി ബഹ്‌റൈൻ കമ്മ്യുണിറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ താല്പര്യപ്പെടുന്നവർ
https://www.facebook.com/aamadmiBh എന്ന ഫേസ്ബുക്ക് പേജ് വഴിയോ 34423113, 34001428, 38872195 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.