മനാമ: ബഹ്‌റൈനിൽ വെച്ച് അകാലത്തിൽ മരിച്ച ജിബു മത്തായിയുടെ കുടുംബത്തിന് സാന്ത്വനവുമായി പത്തനംതിട്ട പ്രവാസി അസോസിയേഷൻ. മേയ് നാലാം തീയതിയാണ് ഹൃദയ സ്തംഭനത്തെത്തുടർന്ന് ട്യൂബ്ലിയിലെ നീന്തൽക്കുളത്തിൽ ജിബു മത്തായി മരണപ്പെടുന്നത്. ഭാര്യയും 10 വയസ്സുള്ള മകനും ആറും മൂന്നും വയസ്സുള്ള പെൺമക്കളും നിസ്സഹായരായി നിൽക്കുമ്പോഴാണ് പത്തനംതിട്ട അസോസിയേഷൻ ജിബുവിന്റെ കുടുംബത്തിന് സഹായവുമായി എത്തിയത്.
അംഗങ്ങൾ സമാഹരിച്ച 5.31 ലക്ഷം രൂപ ജിബുവിന്റെ മക്കളുടെ പേരിൽ ഫിക്സഡ് ഡെപ്പോസിറ്റായി ഫെഡറൽ ബാങ്കിൽ നിക്ഷേപിച്ചു. കുട്ടികൾക്ക് പ്രായപൂർത്തിയാവുന്ന മുറക്ക് അവരവരുടെ നിക്ഷേപങ്ങൾ പിൻവലിക്കാവുന്നതാണ്. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവർക്കും അസോസിയേഷൻ പ്രസിഡന്‍റ് വി. വിഷ്ണുവും സെക്രട്ടറി സുഭാഷ് തോമസും നന്ദി അറിയിച്ചു. പത്തനംതിട്ട അസോസിയേഷനിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് മെംബർഷിപ് കോഓഡിനേറ്റർ രഞ്ജു ആർ. അങ്ങാടിക്കലുമായി (32098162) ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.