മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷമായ ‘ശ്രാവണം 2022’ ൻറെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യമേളയായ ‘മഹാ രുചിമേളയിൽ’ വൻ ജന പങ്കാളിത്തം. വിവിധ ദേശങ്ങളുടെ വൈവിധ്യമൂറുന്ന രുചി നുകരാൻ ആയിരങ്ങൾ ഒഴുകിയെത്തിയപ്പോൾ രണ്ടു വർഷത്തെ കൊറോണക്കാലത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രവാസി ഉത്സവ സംഗമത്തിന് വേദിയായി ബഹ്‌റൈൻ കേരളീയ സമാജം മാറി. വ്യത്യസ്ത രുചി വിഭവങ്ങളുമായി പ്രവാസി കൂട്ടായ്മകൾ അണിചേർന്നപ്പോൾ ആർപ്പുവിളികൾക്ക് ഓളം പകരാനായി എത്തിയ പ്രശസ്ത അവതാരകൻ രാജ് കലേഷിൻറെ സാന്നിധ്യവും പ്രവാസികൾക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്.
വിവിധ സംഘടനകളും കൂട്ടായ്മകളും ചേർന്ന് 25 സ്റ്റാളുകളാണ് മേളയിൽ തുറന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള രുചി വൈവിധ്യം നാടൻ ശൈലികളിലുള്ള സ്റ്റാളുകളുടെ പേരുകളിലും പ്രകടമായിരുന്നു. കൊല്ലം പ്രവാസി അസോസിയേഷന്റെ ‘ചിന്നക്കട’, ശാന്തിതീരം ഭിന്നശേഷി വിദ്യാലയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘ശാന്തിതീരം തട്ടുകട’, ബഹ്‌റൈൻ കേരളീയ സമാജം ലൈബ്രറിയുടെ ‘ഗ്രന്ഥപ്പുരയുടെ രുചിമേളം’, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുവേണ്ടി പ്രവർത്തിക്കുന്ന നിയാർക് ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘പിരിശപ്പത്തിരി’, ‘ഓണാട്ടുകരയുടെ രുചിപ്പെരുമ’, ‘ഒരു ബാഡ്മിന്റൺ അപാര രുചി, കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ തട്ടുകട, സമാജം വനിതാ വിഭാഗത്തിൻറെ ‘മരുമോൾടെ അടുക്കള’, ബഹ്‌റൈൻ ഫുഡ് ലവേർസ് കൂട്ടായ്മയുടെ സ്റ്റാളുകൾ തുടങ്ങി കെട്ടിലും മട്ടിലും രുചിയിലും പേരിലും വൈവിധ്യം തുളുമ്പുന്ന സ്റ്റാളുകളിലെ വിഭവങ്ങൾ സന്ദർശകർക്ക് സമ്മാനിച്ചത് പുതിയൊരു രുചിലോകമാണ്. സാധനങ്ങൾ വിറ്റുകിട്ടുന്ന പണം കൊണ്ട് വിവിധ തരത്തിലുള്ള അവശതകൾ അനുഭവിക്കുന്നവരെ സഹായിക്കാൻ ലക്ഷ്യമിട്ട് ഒരുക്കിയ സ്റ്റാളുകളും മഹാരുചിമേളക്ക് മാറ്റ് കൂട്ടി.
മുട്ടമാല, കൊഞ്ചും മാങ്ങ, തൈര് മാങ്ങ, അസ്ത്രം, ഇടിച്ചുകുത്തി മോരുംവെള്ളം, പുഴുക്കും മത്തിക്കറിയും, കരിമീൻ, ചട്ടിപ്പത്തിരി, ഉന്നക്കായ്, പുട്ട് ബിരിയാണി തുടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങൾ ഭക്ഷണപ്രേമികൾക്ക് മറക്കാനാവാത്ത രുചി വൈവിധ്യമാണ് സമ്മാനിച്ചത്. വിവിധ സ്റ്റാളുകൾ സന്ദർശിച്ച് അവതാരകൻ രാജ് കലേഷ് ഏവർക്കും ആവേശം പകർന്നപ്പോൾ ഫ്ലാഷ്മോബ് അടക്കമുള്ള വിവിധ നൃത്ത സംഗീത വിരുന്നുകളും മേളക്ക് കൊഴുപ്പേകി. തത്സമയം ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ പറയുന്നവർക്കായി സമ്മാനങ്ങളും നൽകി.
രാജ് കലേഷ് ഉദ്ഘാടനം ചെയ്ത മഹാരുചിമേളയിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, രുചിമേള കൺവീനർ ഷാജൻ സെബാസ്റ്റ്യൻ, ഓണാഘോഷ സംഘാടക സമിതി ചെയർമാൻ എം.പി. രഘു, സമാജം ഭരണ സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.