മനാമ: ബഹ്റൈനിലെ പ്രവാസി സമൂഹത്തിൽ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി വെൽഫെയർ അതിൻറെ സേവന പ്രവർത്തനങ്ങളെ പൊതു സമൂഹത്തിന് കൂടുതൽ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പ്രവാസി നൈറ്റ് കലാ സാംസ്കാരിക സന്ധ്യ സംഘടിപ്പിക്കുന്നു.
സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകുന്നേരം 5.00 മണി മുതൽ മനാമ അൽ റജാ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രവാസി നൈറ്റ് കലാസന്ധ്യയിൽ പ്രവാസി കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വ്യത്യസ്തവും വൈവിധ്യവുമാർന്ന കേരളത്തിൻറെ വ്യത്യസ്ത കലാരൂപങ്ങൾ അരങ്ങേറും. പ്രവാസി നൈറ്റ് കലാസന്ധ്യയോടനുബന്ധിച്ച് ബഹ്റൈനിലെയും കേരളത്തിലെയും പ്രമുഖ സംസ്കാരിക വ്യക്തിത്വങ്ങൾ അണിനിരക്കുന്ന സാംസ്കാരിക സദസ്, പ്രവാസി വെൽഫെയർ പുതിയ ലോഗോ പ്രകാശനം, പ്രവാസി ആർട്സ് ഡേ, ഇന്ത്യ സെവെൻറ്റി ഫൈവ് ജനകീയ ഓൺലൈൻ സ്വാതന്ത്ര്യദിന ക്വിസ്, ഓണം പായസം മത്സരം എന്നിവയിലെ മത്സര വിജയികൾക്കുള്ള സമ്മാനദാനം എന്നിവയും നടക്കും എന്ന് പ്രവാസി വെൽഫെയർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ ജനറൽ സെക്രട്ടറി സിഎം മുഹമ്മദലി അറിയിച്ചു.