മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ‘ശ്രാവണം 22’ ൻ്റ പ്രധാന കലാപരിപാടികൾ ഇന്ന് സെപ്റ്റംബർ 8ന് വൈകുന്നേരം 7.30 മുതൽ ആരംഭിക്കും. വൈകിട്ട് നടക്കുന്ന സംഗീത പരിപാടിയിൽ പ്രശസ്ത ഗായികയും ദേശീയ അവാർഡ് ജേതാവുമായ നഞ്ചിയമ്മയെ ആദരിക്കും. തുടർന്ന് നടക്കുന്ന ഗാനമേളയിൽ നഞ്ചിയമ്മ, നജീം അർഷാദ്, നിത്യാമാമൻ, ജിൻഷ ഹരിദാസ് തുടങ്ങിയ പ്രമുഖ പിന്നണി ഗായകർ ഗാനങ്ങൾ ആലപിക്കും.
കേരളത്തിന് വെളിയിൽ നടക്കുന്ന ഏറ്റവും വലിയ ഓണാഘോഷ പരിപാടികളാണ് ബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്നതെന്നും ബഹ്റൈനിലെ മലയാളി സമൂഹത്തിന് കലാപരിപാടികൾ അസ്വദിക്കാൻ സൗജന്യമായാണ് അവസരമൊരുക്കുന്നതെന്നും പരിപാടികളിൽ പങ്കുചേരാൻ എല്ലാവരെയും സമാജത്തിലേക്ക് ക്ഷണിക്കുന്നതായി പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.
ഓണാഘോഷ പരിപാടികളുടെ വിജയത്തിന് എം.പി രഘു ചെയർമാനും ശങ്കർ പല്ലൂർ ജനറൽ കൺവീനറുമായ ശ്രാവണം കമ്മിറ്റിയുടെ നേതൃത്യത്തിൽ വിപുലമായ ഒരുക്കങ്ങളാണ് സമാജത്തിൽ നടന്നുവരുന്നത്. ആയിരകണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന പരിപാടിയിൽ സമാജം ഹാളിന് പുറത്ത് കുറ്റൻ എൽ ഈ ഡി ടിവിയും സജജീകരിച്ചിട്ടുണ്ട്, സമാജത്തിനടുത്തുള്ള ഗ്രൗണ്ടുകൾ കാർ പാർക്കിങ്ങിനായി തയ്യാറാക്കിയിട്ടുണ്ട്. ഔദ്യോഗിക ഉദ്‌ഘാടനം സെപ്റ്റംബർ 9 ന് പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ അരങ്ങേറും.