മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഓണാഘോഷങ്ങളുടെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം 7.30-ന് ഏഷ്യയിലെ തന്നെ മികച്ച കലാകാരന്മാരുടെ കൂട്ടായ്മ ആയ ‘സൂര്യ’ സംഘടിപ്പിക്കുന്ന ‘അഗ്‌നി’ എന്ന മ്യൂസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ അരങ്ങേറും.
പ്രശസ്ത കലാസംവിധായകനായ സൂര്യ കൃഷ്ണമൂര്‍ത്തി ഡിസൈന്‍ ചെയ്ത ഫ്യൂഷനില്‍ പങ്കെടുക്കാന്‍ ഇരുപത്തേഴോളം കലാകാരന്‍മാരാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും ബഹ്‌റൈനില്‍ എത്തിയത്. 120 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന മ്യൂസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍, സംഗീത രംഗത്തെ അനശ്വരരായ ആര്‍.ഡി. ബര്‍മന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, എസ്.പി. ബാലസുബ്രഹ്‌മണ്യം എന്നിവര്‍ക്കുള്ള സമര്‍പ്പണമായിരിക്കുമെന്ന് സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ള അറിയിച്ചു.
യുവജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തില്‍ സൂര്യ കൃഷ്ണമൂര്‍ത്തി ചിട്ടപ്പെടുത്തിയ അഗ്‌നി 2 എന്ന സ്റ്റേജ് ഷോ ഓണാഘോഷത്തിലെ പ്രധാന ഇനമായിരിക്കുമെന്നും ഏവരേയും ബഹറൈന്‍ കേരളീയ സമാജത്തിലേക്ക് ക്ഷണിക്കുന്നതായും ജനറല്‍ സെക്രട്ടറി വര്‍ഗ്ഗീസ് കാരക്കല്‍ അറിയിച്ചു.