മനാമ: ശ്രീകൃഷ്ണ ലീലകളെ മുഖ്യ പ്രമേയമാക്കി കേരളത്തിലെ തെക്കൻ ജില്ലകളിൽ പ്രചാരത്തിലുണ്ടായിരുന്ന അന്യം നിന്നുപോയ നാടൻ കലാരൂപമായ ചരടുപിന്നിക്കളിയെ നിറഞ്ഞ സദസിൽ പുനരാവിഷ്കരിച്ച് ബഹ്‌റൈൻ കേരളീയ സമാജം. ശ്രാവണം 2022 ഓണാഘോഷങ്ങളുടെ ഭാഗമായാണ് സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രായക്കാരായ നൂറിലധികം പേർ അണിനിരന്ന മെഗാ ചരടു പിന്നിക്കളി അരങ്ങേറിയത്. ആവിഷ്കരണത്തിലും വർണപ്പൊലിമയിലും ഗോപികമാരും ഉണ്ണിക്കണ്ണനും വശ്യമായ ചുവടുകളാൽ ചരടുകൾ പിന്നി നിറഞ്ഞാടിയപ്പോൾ ഒരു പൗരാണിക കലാരൂപത്തെ അതിൻറെ തനിമ ഒട്ടും ചോർന്നു പോകാതെ ആസ്വദിക്കാൻ കഴിഞ്ഞ നിർവൃതിയിലായിരുന്നു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ തിങ്ങി നിറഞ്ഞ ബഹ്‌റൈൻ പ്രവാസി സമൂഹം.
ഒരാളുടെ അശ്രദ്ധ മൂലം മൊത്തത്തിൽ ചരടുകൾ തെറ്റി അലങ്കോലപ്പെടാനുള്ള സാദ്ധ്യതകൾ വളരെ കൂടുതലുള്ള ശ്രദ്ധയോടെ പരിശീലനം കൊണ്ട് മാത്രം സ്വായത്തമാക്കാൻ കഴിയുന്ന കലാരൂപമാണ് ചരടുപിന്നിക്കളി. അതുകൊണ്ടു തന്നെ ഓരോ ചുവടുവയ്പ്പിലും വളരെ കരുതലും ശ്രദ്ധയും ആവശ്യമാണെന്ന് ഏതൊരു ആസ്വാദകനും നിസ്സംശയം മനസിലാകും. ചരട് പിന്നിക്കളിയുടെ ഗുരുവായിരുന്ന വെഞ്ഞാറമൂട് കുഞ്ഞിക്കുട്ടിയമ്മയിൽ നിന്ന് പരിശീലനം നേടിയ ബഹ്‌റൈനിലെ പ്രമുഖ നാടക പ്രവർത്തകനായ വിഷ്ണു നാടകഗ്രാമത്തിന്റെ ശിക്ഷണത്തിൽ ആഴ്ചകൾ നീണ്ട പരിശീലനത്തിലാണ് അഞ്ചു സംഘങ്ങളിലായി സ്ത്രീകളും കുട്ടികളും പതിവിൽ നിന്ന് വ്യത്യസ്തമായി ഒരു സംഘം പുരുഷന്മാരും ചേർന്ന് കലാരൂപത്തെ അരങ്ങിലെത്തിച്ചത്.
മൂന്ന് ഭാഗങ്ങളായിട്ടാണ് കലാരൂപം അവതരിപ്പിക്കപെട്ടത്. ആദ്യ ഭാഗത്തിൽ കൃഷ്ണനിൽ നിന്നും ഗോപികന്മാരും യേശോദയും ചേർന്ന് വെണ്ണ ഒളിപ്പിക്കുന്നതും ഇതിനായ് ഉറിയൊരുക്കുന്നതും രസകരമായി അവതരിപ്പിച്ചപ്പോൾ രണ്ടാം ഭാഗത്തിൽ ശ്രീകൃഷ്ണനെ ഉറക്കാനായി നദീ തീരത്തുള്ള മരത്തിന്റെ കൊമ്പിൽ ഗോപികന്മാർ ഊഞ്ഞാൽ കെട്ടിയത് സ്നേഹ നിർഭരമായാണ് ആസ്വാദകർ വരവേറ്റത്. മൂന്നാം ഭാഗത്തിൽ കാളിയ മർദ്ദനമായിരുന്നു പ്രമേയം. ഒരേ സമയം ആളെ ചുറ്റികളി, ഉറികളി, ഊഞ്ഞാൽ കളി എന്നിങ്ങനെ ചരടുപിന്നിക്കളിയുടെ പ്രചാരത്തിലുള്ള എല്ലാ ഭാഗവും ഒരുപോലെ ആസ്വദിക്കാനായതിൻറെ നിർവൃതിയിലാണ് മലയാളി സമൂഹം വേദി വിട്ടത്.
ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ച ചടങ്ങിന് ജനറൽ സെക്രെട്ടറി വർഗീസ് കാരക്കൽ ആശംസകൾ അർപ്പിച്ചു. വിവിധ പരിപാടികളിൽ സംബന്ധിക്കാനായി ബഹ്‌റൈനിലെത്തിയ ആലത്തൂർ എം പി രമ്യ ഹരിദാസിൻറെ അപ്രതീക്ഷിത സന്ദർശനവും ചടങ്ങിന് മാറ്റ് കൂട്ടി. ചരട് പിന്നിക്കളിയുടെ ഇവന്റ് കൺവീനർ മോഹിനി തോമസ് കലാരൂപം ആസ്വദിക്കാനായെത്തിയ പ്രവാസി സമൂഹത്തിന് നന്ദിയറിയിച്ചു.