മനാമ: ആരോഗ്യമേഖലയിൽ മികവ് തെളിയിക്കുകയും മനുഷ്യത്വപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ പ്രഥമ ആരോഗ്യമിത്രം പുരസ്‌കാരത്തിന് പ്രശസ്ത അർബുദവിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ അർഹനായി. ലക്ഷം രൂപയും മെമന്റോയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഒക്ടോബർ 4 ചൊവ്വാഴ്ച വൈകീട്ട് എട്ടിന് നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.
ബഹ്‌റൈൻ കേരളീയസമാജം കാൻസർ അസിസ്റ്റൻസ് ഫോറത്തിന്റെ ഉദ്ഘാടനവും ഡോ. വി.പി. ഗംഗാധരൻ നിർവഹിക്കും. ബുധനാഴ്ച വിജയദശമി ദിനത്തിൽ പുലർച്ചെ അഞ്ച് മുതൽ ഡോ. വി.പി. ഗംഗാധരനും ഭാര്യയും പ്രശസ്ത അർബുദ വിദഗ്ധയുമായ ഡോ. ചിത്രതാരയും കുരുന്നുകളെ എഴുത്തിനിരുത്തുമെന്ന് ബഹ്റൈൻ കേരളീയസമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപ്പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഡോ. വി.പി. ഗംഗാധരനെയും ഡോ. ചിത്രതാരയെയും കാണാൻ അർബുദരോഗികൾക്ക് അവസരം ഒരുക്കുമെന്ന് സമാജം ഭരണസമിതി അറിയിച്ചു. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ അനുവദിക്കുന്ന സമയത്ത് മെഡിക്കൽ റിപ്പോർട്ട് സഹിതം ബഹ്‌റൈൻ കേരളീയസമാജം രവിപിള്ള ഹാളിൽ എത്താം. രജിസ്ട്രേഷനായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള (39691590), ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ (39617620), വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് (39449287), ചാരിറ്റി കമ്മിറ്റി കൺവീനർ കെ.ടി. സലിം (33750999) എന്നിവരെയോ സമാജം ഓഫിസുമായോ (17251878) ബന്ധപ്പെടാം.
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയ അർബുദ ചികിത്സകനായ ഡോ. വി.പി. ഗംഗാധരന്റെ നേതൃത്വത്തിലാണ് കേരളത്തിലെ ആദ്യത്തെ മെഡിക്കൽ ഓങ്കോളജി വിഭാഗം ആർ.സി.സിയിൽ പ്രവർത്തനമാരംഭിച്ചത്.
കേരളത്തിൽ ആദ്യമായി രക്തകോശ സെൽ മാറ്റിവെക്കുന്നതിന് നേതൃത്വം നൽകിയതും അദ്ദേഹമാണ്. സ്വകാര്യ, സർക്കാർ മേഖലകളിൽ ആദ്യത്തെ സ്റ്റെംസെൽ ട്രാൻസ് പ്ലാന്റേഷൻ യൂനിറ്റ് ആരംഭിച്ചതും കേരളത്തിൽ ആദ്യമായി മൊബൈൽ തെർമോ മാമോഗ്രാം യൂനിറ്റ്, മൊബൈൽ റേഡിയോ മാമോഗ്രാം യൂനിറ്റ്, അൾട്രാ സോണോഗ്രഫി യൂനിറ്റ് എന്നിവ തുടങ്ങിയതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. അർബുദരോഗികൾക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ സഹായം നൽകുന്ന കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സ്ഥാപകനുമാണ് ഇദ്ദേഹം.
തൃശൂർ മെഡിക്കൽ കോളജിലെ റേഡിയോതെറപ്പി ആൻഡ് മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ ട്യൂട്ടറായി കരിയർ ആരംഭിച്ച ഡോ. ഗംഗാധരൻ 1989ൽ തിരുവനന്തപുരം ആർ.സി.സിയിൽ മെഡിക്കൽ ഓങ്കോളജി വിഭാഗത്തിൽ അസി. പ്രഫസർ ആൻഡ് ഹെഡായി ചേർന്നു. നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ലോകാരോഗ്യ സംഘടനയുടെയും ഫെലോഷിപ്പോടെ 1995ൽ അമേരിക്കയിലും 1997ൽ യു.കെയിലും മജ്ജ മാറ്റിവെക്കൽ ട്രെയിനിങ് പ്രോഗ്രാമിൽ പങ്കെടുത്തു.
വിവിധ മാധ്യമങ്ങളിലൂടെയും ക്ലാസുകളിലൂടെയും ക്യാമ്പുകളിലൂടെയും അർബുദ ബോധവത്കരണം നടത്താറുള്ള ഡോ. ഗംഗാധരൻ, ദേശീയ-അന്തർദേശീയ ജേണലുകളിൽ 40ലധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അർബുദ ചികിത്സാരംഗത്ത് നൽകിയിട്ടുള്ള ശ്രദ്ധേയമായ സംഭാവനകൾ മുൻനിർത്തി സംസ്ഥാന, ദേശീയ, അന്തർദേശീയതലത്തിൽ 60ലധികം അവാർഡുകൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സമാജം ട്രഷറർ ആഷ്ലി കുര്യൻ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, മെംബർഷിപ്പ് സെക്രട്ടറി ദിലിഷ് കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.