മനാമ: പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഒക്ടോബര്‍ 6 മുതല്‍ 10 വരെ ബഹ്റൈന്‍ സന്ദര്‍ശിക്കുമെന്ന് ഇടവക ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിശുദ്ധ കാതോലിക്കയായി സ്ഥാനാരോഹണം ചെയ്ത ശേഷമുള്ള പ്രഥമ സന്ദര്‍ശനമാണ് അദ്ദേഹം നടത്തുന്നത്.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മധ്യപൂര്‍വ്വ ദേശത്തെ പ്രഥമ ദേവാലയമാണ് സെന്റ് മേരിസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക. ഇടവകയിലേക്ക് എത്തുന്ന പരിശുദ്ധ തിരുമേനിക്ക് പ്രൗഢഗംഭീരമായ സ്വീകരണമാണ് ഒരുക്കുന്നത്. ഒക്ടോബര്‍ 7 വെള്ളിയാഴ്ച്ച ബസേലിയോസ് നഗറില്‍ (ഇന്ത്യന്‍ സ്‌കൂള്‍, ഇസാ ടൗണ്‍), സ്വീകരണ ഘോഷയാത്രയും പൊതു സമ്മേളനവും നടക്കും.
ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി പങ്കെടുക്കും. ബഹ്റൈന്‍ സോഷ്യല്‍ ഡെവലെപ്‌മെന്റ് മന്ത്രാലയം അസി. അണ്ടര്‍ സെക്രട്ടറി നജ്വ അല്‍ ജനാഹി, ദിസ് ഈസ് ബഹ്റൈന്‍ ചെയര്‍ പേഴ്‌സണ്‍ ബെറ്റ്‌സി മത്യാസെന്‍, എത്യോപ്പ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ആര്‍ച്ച് ബിഷപ്പ് അബ്ബാ ദിമിത്രൊസ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദീക ട്രസ്റ്റി റവ. ഫാ. ഡോ. വര്‍ഗീസ് അമയില്‍, എന്നിവര്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
ബഹ്റൈനിലെ സാംസ്‌കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖ വ്യക്തികളും വിവിധ സഭാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ. പോള്‍ മാത്യുസ്, സഹവികാരി ഫാ. സുനില്‍ കുര്യന്‍ ബേബി, ട്രസ്റ്റി സാമുവല്‍ പൗലോസ്, സെക്രട്ടറി ബെന്നി വര്‍ക്കി, പബ്ലിസിറ്റി കണ്‍വീനര്‍ എബ്രഹാം സാമുവല്‍, പ്രോഗ്രാം കണ്‍വീനര്‍ ലെനി പി മാത്യു, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍സ് ആയ ബോണി മുളപ്പാംപറമ്പില്‍, സന്തോഷ് മാത്യു എന്നിവര്‍ അറിയിച്ചു. കേരളത്തിലെ സാമൂഹ്യ, സേവന പ്രവര്‍ത്തനങ്ങളില്‍ പരിശുദ്ധ ബാവായുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇടവക വികാരി ഫാ. പോള്‍ മാത്യു വിശദികരിച്ചു
ഇടവകയുടെ 64 മത് പെരുന്നാളിന് പരിശുദ്ധ ബാവ തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കും. പെരുന്നാളിനോടനുബന്ധിച്ച് ഇടവക പുനരുദ്ധാര കമ്മിറ്റി അംഗങ്ങളെ ആദരിക്കല്‍ ചടങ്ങും നടത്തും. പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക കണ്‍വന്‍ഷന് കോട്ടയം വൈദിക സെമിനാരി അധ്യാപകനും മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദീക ട്രസ്റ്റിയുമായ റവ. ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ നേതൃത്വം നല്‍കും. ഒക്ടോബര്‍ 9 ഞായറാഴ്ച്ച പരിശുദ്ധ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബാന നടത്തും.