മനാമ: മനുഷ്യത്വ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ആരോഗ്യ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ബഹ്‌റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ‘ആരോഗ്യമിത്രം’ അവാർഡ് പ്രശസ്ത ഓങ്കോളജിസ്റ്റായ ഡോ: വി പി ഗംഗാധരന് നൽകി ആദരിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന പരിപാടിയിൽ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ളയാണ് ഒരു ലക്ഷം രൂപയും, മെമെന്റോയും, പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിച്ചത്.
അവാർഡ് കമ്മറ്റിയിൽ വന്ന നിരവധി പേരുകൾക്കിടയിൽ നിന്നും നിസ്സംശയം ഡോ വി പി ഗംഗാധരനെ തിരഞ്ഞെടുക്കാനായെന്നും, അർബുദ രോഗ ചികിത്സയിൽ നൽകിയ സംഭാവനകൾക്ക് പുറമെ രോഗികളുമായി അദ്ദേഹം നിലനിർത്തുന്ന സ്നേഹബന്ധം ഊഷ്മളമാണെന്നും പി വി രാധാകൃഷ്ണപിള്ള പറഞ്ഞു.
ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ കാൻസർ അസിസ്റ്റൻസ് ഫോറം പ്രസ്തുത പരിപാടിയിൽ ഡോ വി പി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു. BKS ന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നഭിപ്രായപ്പെട്ട ഡോക്ടർ അർബുദ ചികിത്സാരംഗത്ത് സമാജത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിക്കുകയും സഹായ സഹകരണങ്ങൾ വാഗ്‌ദാനം ചെയ്യുകയും ചെയ്തു. പ്രശസ്ത ഓങ്കോളജിസ്റ്റും ഡോ: വി പി ഗംഗാധരന്റെ പത്നിയുമായ ഡോ: കെ ചിത്രതാര പരിപാടിയിൽ സംസാരിച്ചു. രോഗികൾക്ക് കേവലമൊരു ഡോക്ടർ മാത്രമല്ല, ഋഷി തുല്യനായ മാർഗ്ഗദർശിയും സുഹൃത്തുമാണ് വി പി ഗംഗാധരൻ എന്ന്, സ്വാഗതമാശംസിച്ചതോടൊപ്പം Bks ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ കൂട്ടിച്ചേർത്തു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്തു നന്ദി രേഖപ്പെടുത്തി.