മനാമ: ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത ചിന്തകനും, പ്രഭാഷകനും, അധ്യാപകനുമായ ഡോ. സുനിൽ പി ഇളയിടം നിർവ്വഹിക്കും. ഉദ്‌ഘാടന സമ്മേളനത്തിൽ ‘സാഹിത്യവും സാമൂഹികതയും’ എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തുന്നതോടൊപ്പം അദ്ദേഹവുമായി മുഖാമുഖവും സംഘടിപ്പിക്കുന്നതായി സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോറോണ കാലഘട്ടത്തിന് ശേഷം ഗൾഫ് മേഖലയിലെ വിശേഷിച്ച് ബഹറൈനിലെ മലയാള സാഹിത്യ മേഖലയ്ക്ക് സുനിൽ പി ഇളയിടത്തിന്റെ സന്ദർശനം പുതിയ ഊർജജം നൽകുമെന്നും, സംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരുടെ പ്രഭാഷണ പരമ്പര തന്നെ സമാജം ആസൂത്രണം ചെയ്ത് വരികയാണെന്നും പി.വി രാധാകൃഷ്ണ പിള്ള അഭിപ്രായപ്പെട്ടു.
സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണവും, നവംബറിൽ നടക്കുന്ന ബി.കെ.എസ് സമാജം അന്താരാഷ്ട്ര പുസ്തകോത്സവും സമാജത്തിന്റെ സാഹിത്യ സംസ്ക്കാരിക രംഗത്തെ ക്രിയാത്മകമായ ഇടപെടലുകളാണെന്ന് ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ അറിയിച്ചു.
സാഹിത്യവേദി, പ്രസംഗവേദി, ക്വിസ് ക്ലബ്, മലയാളം പാഠശാല, പുസ്തകോത്സവ കമ്മിറ്റി തുടങ്ങിയ കമ്മിറ്റികൾ അടങ്ങുന്നതാണ് സാഹിത്യ വിഭാഗം. സാഹിത്യ വിഭാഗത്തിന്റെ ഉദ്ഘാടനവും പ്രഭാഷണ പരിപാടിയും സംഘടിപ്പിക്കുന്ന ഒക്ടോബർ 14 വെള്ളിയാഴ്ച വൈകീട്ട് 7:30 ന്, ബി.കെ. എസ് ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സാഹിത്യ വേദി സെക്രട്ടറി ഫിറോസ് തിരുവത്ര – 33369895, കൺവീനർ പ്രശാന്ത് മുരളീധർ – 3335 5109, അനഘ രാജീവന്‍ 3913 9494 എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും സമാജം പത്രക്കുറിപ്പിൽ അറിയിച്ചു.