മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) കുട്ടികൾക്കായി ഒരുക്കുന്ന കലാ- സാഹിത്യ, സംസ്കാരിക മാമാങ്കം ‘ദി ഇന്ത്യൻ ടാലന്റ്റ് സ്കാൻ’ നവംബർ മുതൽ ജനുവരി വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോവിഡ്-19 കാരണം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പരിപാടി നടത്താൻ സാധിച്ചിരുന്നില്ല. ഈ വർഷം കൂടുതൽ പങ്കാളിത്തത്തോടും ഉന്നത നിലവാരത്തോടും കൂടി മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ് പറഞ്ഞു. കുട്ടികളുടെ വ്യക്തിത്വവികാസവും സാമൂഹിക ബോധവും പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി പറഞ്ഞു.
ബഹ്റൈനിൽ താമസിക്കുന്ന, 2017 സെപ്റ്റംബർ 30നും 2004 ഒക്ടോബർ ഒന്നിനും ഇടയിൽ ജനിച്ച ഇന്ത്യക്കാരായ കുട്ടികൾക്ക് ഇന്ത്യൻ ടാലന്റ് സ്കാനിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവരെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളിലുമായി ആകെ 184 വ്യക്തിഗത മത്സര ഇനങ്ങളും 10 ടീം ഇനങ്ങളുമുണ്ട്. ഒരു മത്സരാർഥിക്ക് 10 വ്യക്തിഗത ഇനത്തിലും എല്ലാ ടീം ഇനങ്ങളിലും പങ്കെടുക്കുവാൻ സാധിക്കും. ടീം ഇനങ്ങളിൽ നേടിയ പോയന്റുകൾ വ്യക്തിഗത ചാമ്പ്യൻഷിപ്പിനായി കണക്കാക്കില്ല. എന്നാൽ, പോയന്റുകൾ സമനിലയായാൽ ടീം ഇനങ്ങളിൽ നേടിയ പോയന്റ് അവാർഡ് നിർണയത്തിന് മാനദണ്ഡമാക്കും.
ഇന്ത്യൻ ടാലന്റ് സ്കാൻ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിന് 40 അംഗ സമിതി രൂപവത്കരിച്ചിട്ടുണ്ട്. അപേക്ഷകൾ ഓൺലൈൻ ആയും കെ.സി.എ ഓഫിസിലും സ്വീകരിക്കുന്നതാണ്. മത്സരാർഥികൾ www.kcabahrain.com എന്ന വെബ്സൈറ്റ് മുഖേന പ്രത്യേക ഫോമുകൾ പൂരിപ്പിച്ചു നൽകണം. നവംബർ 13 ആണ് എൻട്രിഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി. മുൻകാലങ്ങളെ പോലെ ഉന്നത നിലവാരത്തിലും സുഗമമായും മത്സരങ്ങൾ നടത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർഗീസ് ജോസഫ് പറഞ്ഞു.
നാട്യരത്ന മത്സരങ്ങൾ, സംഗീതരത്ന മത്സരങ്ങൾ, കലാരത്ന മത്സരങ്ങൾ, സാഹിത്യ രത്ന മത്സരങ്ങൾ, ആഡ്-ഓൺ മത്സരങ്ങൾ, ടീം ഇന മത്സരങ്ങൾ എന്നിങ്ങനെ ആറ് മത്സര വിഭാഗങ്ങളാണുണ്ടാവുക. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും നൽകും. കലാപ്രതിഭ, കലാതിലകം പുരസ്കാരങ്ങൾ, നാട്യ രത്ന, സംഗീതരത്ന, കലാരത്ന, സാഹിത്യരത്ന പുരസ്കാരങ്ങൾ എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ ടാലന്റ് സ്കാൻ 2022ൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന സ്കൂളുകൾക്ക് പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലും കുട്ടികൾക്ക് ലഭിച്ച മൊത്തം ഗ്രേഡ് പോയിന്റുകളുടെ അടിസ്ഥാനത്തിലും പ്രത്യേക അവാർഡ് നൽകും. കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ പരിശ്രമിക്കുന്ന നൃത്ത, സംഗീത അധ്യാപകർക്കും പ്രത്യേക പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സരങ്ങൾക്ക് മുമ്പോ രജിസ്ട്രേഷൻ സമയത്തോ മത്സരാർഥികൾ എഴുതി നൽകുന്ന അധ്യാപകരിൽ നിന്നാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. ഓരോ മത്സര ഇനത്തിനും കെ.സി.എ അംഗങ്ങൾക്ക് ഒരു ദീനാറും അംഗങ്ങളല്ലാത്തവർക്ക് രണ്ട് ദീനാറും പ്രവേശന ഫീസായി നിശ്ചയിച്ചുണ്ട് . നൃത്തയിനങ്ങളിൽ പങ്കെടുക്കുന്ന അംഗങ്ങളല്ലാത്തവർക്ക് ഓരോ ഇനത്തിനും മൂന്ന് ദീനാറും ടീം മത്സരങ്ങൾക്ക് ഒരു ടീമിന് 10 ദീനാറുമാണ് ഫീസ്. കെ.സി.എ അംഗങ്ങൾ ഇതിനായി സെപ്റ്റംബർ വരെയുള്ള മെംബർഷിപ് ഫീസ് അടച്ചിരിക്കണം. നവംബർ 20ന് മത്സരാർഥികളുടെ അന്തിമ പട്ടികയും 21ന് പ്രോഗ്രാമുകളുടെ അന്തിമ ഷെഡ്യൂളും പ്രസിദ്ധീകരിക്കും. നവംബർ 26ന് പരിപാടിയുടെ ഉദ്ഘാടനം നടക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വർഗീസ് ജോസഫ് (38984900), വൈസ് ചെയർമാൻമാരായ ലിയോ ജോസഫ് (39207951), ഷിജു ജോൺ (39243381) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. വാർത്താസമ്മേളനത്തിൽ ടാലന്റ് സ്കാൻ വൈസ് ചെയർമാൻ ലിയോ ജോസഫ്, സ്പോൺസർഷിപ് കമ്മിറ്റി ചെയർമാൻ സേവി മാത്തുണ്ണി, സീനിയർ മെംബർ അബ്രഹാം ജോൺ എന്നിവരും പങ്കെടുത്തു.