മനാമ: ഐ.വൈ.സി.സി ബഹ്റൈൻ എല്ലാവർഷവും സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് ജനുവരി 27ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2013ൽ സംഘടന രൂപംകൊണ്ടതിനുശേഷം ഓരോ വർഷവും മാറിവരുന്ന കമ്മിറ്റിയുടെ അവസാന കാലയളവിലാണ് യൂത്ത് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കോവിഡിന്റെ പ്രതികൂല സാഹചര്യത്തിൽ പരിപാടി നടത്താൻ സാധിച്ചിരുന്നില്ല. ഇത്തവണ രണ്ടു ദിവസം നീളുന്ന വിപുലമായ പരിപാടികളോടെ യൂത്ത് ഫെസ്റ്റ് നടത്താനാണ് ആലോചിക്കുന്നതെന്ന് പ്രസിഡന്റ് ജിതിൻ പരിയാരം, ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂർ, ട്രഷറർ വിനോദ് ആറ്റിങ്ങൽ എന്നിവർ പറഞ്ഞു.
യൂത്ത് ഫെസ്റ്റ് നടത്തിപ്പിന് 51 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ബ്ലസൻ മാത്യു (ജന. കൺ), വിൻസു കൂത്തപ്പള്ളി (പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി കൺ), അനസ് റഹീം (ഫിനാൻസ് കൺ), ഫാസിൽ വട്ടോളി (മാഗസിൻ എഡിറ്റർ), ഷബീർ മുക്കൻ (റിസപ്ഷൻ കമ്മിറ്റി കൺ) എന്നിവരാണ് ഭാരവാഹികൾ. എല്ലാ വിഭാഗത്തിലും സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.