bahrainvartha-official-logo
Search
Close this search box.

അരും കൊലകളിൽ കലാശിക്കുന്ന ഇന്നിന്റെ ഉന്മാദപ്രണയങ്ങൾ – ജമാൽ ഇരിങ്ങൽ എഴുതുന്നു

New Project - 2022-10-24T114459.291

ജമാൽ ഇരിങ്ങൽ

പ്രണയം ദിവ്യമായൊരു ആത്മാനുഭവമാണ്. പ്രപഞ്ചത്തിന്റെ നിലനിൽപ് തന്നെ ഒരു വേള ഈ മനോഹരമായ ആവിഷ്ക്കാരത്തിലൂടെയാണ് സാധ്യമാവുന്നത്. ബന്ധങ്ങളുടെ അലൗകികമായ പാലങ്ങൾ നിർമ്മിക്കപ്പെടുന്നതും പ്രണയതന്ത്രികളിലൂടെയാണ്. വിശ്വത്തിന്റെ മഹാസൗന്ദര്യം അനാവൃതമാവുന്നതും പ്രണയത്തിന്റെ വർണരാജികളിലൂടെയാണ്. മനസിൽ സന്തോഷത്തിന്റെ കുളിർമഴ പെയ്യിക്കാനും ജീവിതത്തിൽ ലക്ഷ്യബോധവും സമാധാനവും പകർന്നു കൊടുക്കാനും തീർച്ചയായും പ്രണയത്തിന് സാധിക്കും. പ്രണയത്തേക്കാൾ മറ്റൊരു മാനുഷിക വികാരത്തെ കുറിച്ചും നമ്മുടെ സാഹിത്യങ്ങളോ കലാ സൃഷ്ടികളോ ഇത്രയും വാചാലരായിട്ടില്ല. കഥയും, നോവലും, കവിതയും, സിനിമയും, നാടകവുമെല്ലാം സൃഷ്ടിക്കപ്പെടുന്നത് തന്നെ ഒരു വേള പ്രണയത്തിന്റെ അനാവരണങ്ങൾക്ക് വേണ്ടിയാണല്ലോ.

പ്രണയികൾ പരസ്‌പരം ശക്തിപ്പെടുത്തേണ്ടവരും ജീവിതത്തിൽ ഒരുമിച്ചു സ്വപ്നം കാണുകയുംചെയ്യേണ്ടവരുമാണ്. “വരിക സഖീ അരികത്ത് ചേർന്ന് നിൽക്കൂ , പഴയൊരു മന്ത്രം സ്മരിക്കാം അന്യോന്യം ഊന്നുവടികളായി നിൽക്കാം” എന്ന് കക്കാടും “മരണമെത്തുന്ന നേരത്തു നീയെന്റെ അരികിൽ ഇത്തിരി നേരം ഇരിക്കണേ “ എന്ന് റഫീഖ് അഹമ്മദും എഴുതുന്നത് എത്ര വൈകാരികമായാണ് നമ്മൾ വായിക്കുന്നത്. പ്രണയത്തിലെ കൊടുക്കൽ വാങ്ങലുകളുടെ അനിർവചനീയതയും നിഷ്കളങ്കതയും നമുക്ക് ഈ വരികളിലൂടെ വായിച്ചെടുക്കാൻ സാധിക്കും. പ്രണയത്തിന്റെ വൈകാരികവും ദിവ്യവുമായ അടരുകളും ഇതിലൂടെ കവികൾ നമ്മെ അനുഭവിപ്പിക്കുന്നുണ്ട്.

രാധാമാധവന്മാർ , ദുഷ്യന്തനും ശകുന്തളയും, നളനും ദയമന്തിയും, ഇന്ദുലേഖയും മാധവനും, കറുത്തമ്മയും പരീക്കുട്ടിയും, രമണനും ചന്ധ്രികയും , ബദറുൽ മുനീറും ഹുസ്‌നുൽജമാലും, മജീദും സുഹറയും, ലൈലയും ഖൈസും തുടങ്ങി എത്രയെത്ര അനശ്വരമായ പ്രണയകാവ്യങ്ങളാണ് സാഹിത്യനഭോമണ്ഡലങ്ങളിൽ കാലാതിവർത്തിയായ പ്രശോഭിച്ചുകൊണ്ടിരിക്കുന്നത്. പ്രണയം ശരീരവും മനസുമാണെന്നതോടൊപ്പം ത്യാഗവും കരുണയും ആശ്രിതത്വവുമാണെന്നുമാണ് ഈ ബിംബാവലികൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.

എന്നാൽ പ്രണയത്തിന്റെ ദൈവികതയും മാനവികതയും നഷ്ടപ്പെട്ടുപോയ കാലത്താണ് നാമിന്ന് ജീവിക്കുന്നത്. വെട്ടിപിടുത്തതിന്റെയും സ്വന്തമാക്കലിന്റെയും പ്രതികാരത്തിന്റെയും തലത്തിലേക്ക് പ്രണയം വഴിമാറിപ്പോയിരിക്കുന്നു. ത്യാഗത്തിന് പകരം സ്വാർത്ഥതയാണ് ഇന്നത്തെ പ്രണയത്തിന്റെ മുഖമുദ്ര. ഡി.സി.ബുക്‌സ് പുറത്തിറക്കിയ “വിശ്വോത്തര പ്രണയ ഗീതങ്ങൾ ” എന്ന കൃതിയിൽ പ്രണയത്തിന്റെ കൊടുക്കൽ വാങ്ങലുകളെ കുറിച്ചുള്ള കവിതകൾ ആണുള്ളത്. ഷെല്ലി, നെരുദ, ടാഗോര്‍, ദാന്തെ, ഓസ്‌കാര്‍ വൈല്‍ഡ് തുടങ്ങി പ്രശസ്തരായ കവികളുടെ കവിതകൾ നാലപ്പാടം പത്മനാഭനാണ് പുസ്തകത്തിന്റെ സ്വതന്ത്രവിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രണയം എന്നത് വിട്ടുകൊടുക്കലും സമാനതകളില്ലാത്ത സഹനവുമാണെന്നാണ് അതിലുള്ള കവിതകളിലൂടെ നമുക്ക് വായിച്ചെടുക്കാൻ കഴിയും.

“എന്‍ ഹൃദയത്തിലാ സ്‌നേഹം പുകയുന്നു
നിന്‍ സങ്കടം കാണാന്‍ വയ്യിനിമേല്‍
എത്ര സ്‌നേഹാര്‍ദ്ര മൃദുവാണ് നിന്‍ മനം
ഒട്ടുമേ പോറലേല്‍പ്പിക്കയില്ല ഞാന്‍
…………..
എങ്കിലും നിന്‍ നവ ദാമ്പത്യസ്വര്‍ഗ്ഗത്തില്‍
എന്നും സുഖിക്ക നീ മംഗളാശംസകള്‍”.

ഷെല്ലിയുടെ ഈ വരികളൊക്കെ ഇന്നത്തെ പുതുതലമുറയിലെ പ്രണയിക്കുന്നവർ ഒന്ന് വായിച്ചിരുന്നുവെങ്കിൽ എന്നാശിച്ചു പോവുകയാണ്.

കഴിഞ്ഞ ദിവസം പാനൂരിൽ അതിദാരുണമായി കൊല്ലപ്പെട്ട വിഷ്‌ണുപ്രിയയുടെ വാർത്ത കേരളീയ സമൂഹത്തിന്റെ മനസാക്ഷിയെ ഭീതിപ്പെടുത്തുന്നതാണ്. കേരളത്തിൽ പ്രണയത്തിന്റെ പേരിലുള്ള കൊലപാതകങ്ങളുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുന്നത് ഏറെ ആശങ്കയോടെ കാണേണ്ട ഒന്നാണ്. ചില കണക്കുകൾ പ്രകാരം പ്രണയത്തിന്റെ പേരിലും പ്രണയം നിരസിച്ചതിന്റെ പേരിലും കേരളത്തിൽ 2017 മുതൽ 2020 വരെ 320 മരണങ്ങളാണ്‌ ഉണ്ടായത്‌ എന്നാണ്‌ പറയപ്പെടുന്നത്. അതിൽ 10 പേർ കൊല്ലപ്പെടുകയായിരുന്നു. ഇതിൽ പ്രണയിച്ചതിന്റെ പേരിലുള്ള ദുരഭിമാനക്കൊലപാതകങ്ങളും പെടും.

കോതമംഗലം മെഡിക്കൽ വിദ്യാർത്ഥിനിയായിരുന്ന മാനസ, പെരിന്തൽമണ്ണയിലെ ദൃശ്യ, പോലീസ്‌ ഉദ്യോഗസ്ഥയായ സൗമ്യ, തിരുവല്ല അയിരൂർ സ്വദേശി കവിത, തൃശൂർ ചിയ്യാരത്ത്‌ എഞ്ചിനീയറിങ്‌ കോളേജ്‌ വിദ്യാർത്ഥിനി നീതു, കടമ്മനിട്ട സ്വദേശിനി ശാരിക, കാക്കനാട്‌ പ്ലസ്‌ടു വിദ്യാർത്ഥിനിയായിരുന്ന ദേവിക, പാല സെന്റ്‌ ജോസഫ്‌ കോളേജ്‌ വിദ്യാർത്ഥിനി നിധിനമോൾ ഇതൊക്കെ പ്രണയപ്പകയിൽ എരിഞ്ഞുതീർന്ന ഹതഭാഗ്യരിൽ ചിലർ മാത്രം.

ഒന്നും വിട്ടുകൊടുക്കാനും സഹിക്കാനും കഴിയാത്ത വാശിക്കാരായി നമ്മുടെ പുതുതലമുറ മാറിയിരിക്കുന്നു. ആൺകുട്ടികളാണ് പ്രണയനൈരാശ്യം മൂലം എളുപ്പത്തിൽ പ്രകോപിതരാകുന്നത്. പെൺകുട്ടികൾ പലപ്പോഴും ആത്മഹത്യ കൊണ്ട് മാത്രം മതിയാക്കുമ്പോൾ ആൺകുട്ടികൾ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി കൊണ്ടാണ് പ്രതികാരം ചെയ്യുന്നത്. നമ്മുടെ വീടകങ്ങളിൽ പലതും ഇന്ന് കുട്ടികൾക്ക് അന്യതാബോധം നൽകുന്നതാണ്. വീടിനുള്ളിൽ അവരിൽ പലരും തീവ്രമായ ഒറ്റപ്പെടൽ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. പല പ്രണയത്തിലേക്കും അവർ എത്തിപ്പെടുന്നത് ഈയൊരു ഒറ്റപ്പെടലിന്റെ വീർപ്പുമുട്ടലിൽ നിന്നും രക്ഷ നേടാൻ വേണ്ടിയാണ്. മക്കളെ ചേർത്ത് പിടിക്കാനും അവരോട് തുറന്നു സംസാരിക്കാനും ഇടപെടാനും മാതാപിതാക്കൾക്ക് കഴിയണം. പെൺകുട്ടികളിൽ ചിലരൊക്കെ അവരുടെ അമ്മമാരോട് പല കാര്യങ്ങളും പങ്ക് വെക്കും, എന്നാൽ ആൺകുട്ടികൾ പൊതുവെ ഇത്തരം പങ്കുവെക്കലുകൾക്ക് മുതിരുകയില്ല. അതുകൊണ്ട്ടു തന്നെ കൂടുതൽ ഒറ്റപ്പെടൽ അനുഭവിക്കുന്നതും ആൺകുട്ടികളാണ്. ഇതിന്റെ അന്തരഫലമെന്നോണം പിന്നെ അവർ എത്തിപ്പെടുന്നത് മയക്കുമരുന്നിലും പ്രണയത്തിലും ആണ്.

പെൺകുട്ടികളെ നമ്മൾ ചെറുപ്പം മുതൽക്ക് തന്നെ അവരുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കും. എന്നാൽ ആൺകുട്ടികളോട് പ്രണയത്തെ കുറിച്ചോ ലൈംഗിക വിദ്യാഭാസത്തെ കുറിച്ചോ മാതാപിതാക്കളിൽ പലരും സംസാരിക്കാൻ മുതിരാറില്ല. അവർക്ക് സവിശേഷമായ പാഠങ്ങൾ ഈ വിഷയത്തിൽ വീടുകളിൽ നിന്നും ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. എന്ന് മാത്രമല്ല അത്തരം കാര്യങ്ങൾ വീടുകളിൽ സംസാരവിഷയമാക്കുന്നത് പാപമായി പോലും കരുതുന്നവരാണ് ചിലരെങ്കിലും. സമപ്രായക്കാരിൽ നിന്നും ലഭിക്കുന്ന അറിവുകൾ, തന്റെ ചുറ്റിലും കാണുന്ന നടപ്പുരീതികൾ, മീഡിയകൾ ഇതൊക്കെയാണ് ആൺകുട്ടിയുടെ പാഠങ്ങൾ. ലിംഗസമത്വവും , ബന്ധങ്ങളിലെ ജനാധിപത്യവുമൊക്കെ നമ്മുടെ സ്കൂൾ വിദ്യാഭ്യാസ കരിക്കുലത്തിലെ പാഠ്യവിഷയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. പരസ്‌പര ബഹുമാനത്തെ കുറിച്ചും , പങ്കാളിയുടെ സ്വാതന്ത്ര്യത്തെ കുറിച്ചുമൊക്കെ കുട്ടികൾ കണ്ടും അറിഞ്ഞു വളരേണ്ടതും മാതൃകകൾ സ്വീകരിക്കേണ്ടതും സ്വന്തം മാതാപിതാക്കളിൽ നിന്ന് തന്നെയാവണം. ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഉദാത്തമായ പാഠങ്ങൾ അവർ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും പഠിക്കട്ടെ. സമ്മർദങ്ങളെ നേരിടാനുള്ള പ്രതിരോധശക്തി ഇല്ലാതാകുന്നതും പുതുതലമുറയുടെ വലിയൊരു പ്രശ്നമാണ്. ഏത് പ്രതിസന്ധിയിലും താങ്ങും തണലുമായി അവരുടെ കൂടെ എന്നും ഉണ്ടാവുമെന്ന ഒരു സുരക്ഷിതത്വബോധം പകർന്നു കൊടുക്കാനും മാതാപിതാക്കൾക്ക് കഴിയണം.

ധാർമിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിക്കുന്നതും ഇവിടെയാണ്. നമ്മൾ ഇന്നും പിന്തുടരുന്നത് കൊളോണിയൽ കാലത്ത് ബ്രിടീഷുകാർക്ക് ശിപായിപ്പണി എടുക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി മെക്കാളെ സായിപ്പ് ഉണ്ടാക്കിയ പാഠ്യപദ്ധതി തന്നെയാണല്ലോ. സ്വാതന്ത്ര്യം കിട്ടിയിട്ട് കൊല്ലം 75 കഴിഞ്ഞിട്ടും അവിടെ നിന്നും ഏറെ ദൂരമൊന്നും നമുക്ക് സഞ്ചരിക്കാൻ കഴിഞ്ഞിട്ടില്ല എന്നതും വസ്തുതയാണ്. കുടുംബത്തോടും താൻ ജീവിക്കുന്ന സമൂഹത്തോടും ഉത്തരവാദിത്തബോധമുള്ള പൗരന്മാരാക്കി നമ്മുടെ പുതിയ തലമുറയെ വാർത്തെടുക്കാൻ കൂട്ടായ ശ്രമങ്ങളാണ് വേണ്ടത്. അതിനു വേണ്ടിയുള്ള ബോധവൽക്കരണവും നിരന്തരം നടന്നു കൊണ്ടിരിക്കണം.പ്രണയത്തിന്റെ പേരിലുള്ള ഇത്തരത്തിലുള്ള ദാരുണകൊലപാതകങ്ങളും ഇനിയും അതാവർത്തിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!