മനാമ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കണ്ണൂർ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ, കെ പി സി സി ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ കണ്ണൂർ ജില്ലയിൽ കോൺഗ്രസ് പ്രസ്ഥാനത്തെ നയിച്ച സതീശൻ പാച്ചേനി ജീവിതം തന്നെ പ്രസ്ഥാനത്തിന് വേണ്ടി ഉഴിഞ്ഞു വച്ച നേതാവ് ആയിരുന്നു എന്ന് ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താനം, ജനറൽ സെക്രട്ടറിമാരായ ഗഫൂർ ഉണ്ണികുളം, ബോബി പാറയിൽ എന്നിവർ അനുസ്മരിച്ചു. കമ്മ്യുണിസ്റ്റ് കുടുംബത്തിൽ നിന്ന് കടന്ന് വന്ന് എല്ലാം ത്യജിച്ചു കൊണ്ട് പാർട്ടിയുടെ വിശസ്തനായ പോരാളിയായി മാറിയ നേതാവ് ആയിരുന്നു അദ്ദേഹം. മുതിർന്ന നേതാക്കളെ നേരിടുവാൻ പാർട്ടി അദ്ദേഹത്തെ നിയോഗിക്കുമ്പോൾ ജയമോ, പരാജയമോ എന്തും വരട്ടെ, പ്രസ്ഥാനം ഏൽപ്പിച്ച ഉത്തരവാദിത്വo പൂർണ്ണ മനസ്സോടുകൂടി ഏറ്റെടുക്കുന്ന നേതാവ് ആയിരുന്നു അദ്ദേഹം. കെ എസ് യുക്കാരന്റെ ചുറുചുറുക്കോടെയും, മനസ്സോടും കൂടെ പ്രശ്നങ്ങളെ നേരിട്ട അദ്ദേഹത്തിന് അർഹതക്കുള്ള അംഗീകാരം ലഭിച്ചില്ല എന്നും അനുസ്മരിച്ചു.
ജീവിതലാളിത്യം മുഖമുദ്ര ആക്കിയ നേതാവ് – രാജു കല്ലുംപുറം
മനാമ :അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി ജീവിത ലാളിത്യം കൊണ്ട് നേതാക്കളുടെയും, പ്രവർത്തകരുടെയും മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ നേതാവ് ആയിരുന്നു എന്ന് ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം അനുസ്മരിച്ചു. കെ എസ് യൂ വിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അദ്ദേഹം പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർണ്ണമായും നിറവേറ്റാൻ സാധിച്ച നേതാവ് ആയിരുന്നു. കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ ദീർഘകാലത്തെ ആഗ്രഹം ആയിരുന്നു ഒരു എല്ലാവിധ സൗകര്യങ്ങളോട് കൂടിയ ഒരു ഓഫീസ്. അതിനു സാമ്പത്തിക പ്രതിസന്ധികൾ നേരിട്ടപ്പോൾ തന്റെ സ്വന്തം വീട് വിറ്റുകിട്ടിയ തുക അതിനു വേണ്ടി ഉപയോഗിച്ച് മാതൃക കാണിച്ച നേതാവ് ആയിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രസ്ഥാനത്തെ സ്വന്തം ജീവന് തുല്യം സ്നേഹിച്ച അദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാ നഷ്ടമാണെന്നും രാജുകല്ലുംപുറം അനുസ്മരിച്ചു.