മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമെനിക്കൽ കൗൺസിലിന്റെ (കെ. സി. ഇ. സി.) ആഭിമുഖ്യത്തിൽ, മലങ്കര മാർത്തോമ സഭയുടെ കോട്ടയം – കൊച്ചി – അടൂർ ഭദ്രാസനത്തിന്റെ അധിപൻ റൈറ്റ്. റവ. എബ്രഹാം മാർ പൗലോസ് തിരുമേനിക്ക് സ്വീകരണം നല്‍കി. പ്രസിഡന്റ് റവ. ഷാബു ലോറന്‍സിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സ്വീകരണ യോഗത്തിന് സഭാ വികാരി റവ. മാത്യം ചാക്കോ സ്വാഗതം അര്‍പ്പിച്ചു. വൈസ് പ്രസിഡന്റുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ദിലീപ് ഡേവിസണ്‍ മാര്‍ക്ക്, റവ. മാത്യൂ ചാക്കോ, ശ്രീ. നിത്യൻ തോമസ് , കെ. സി. ഇ. സി. എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹതരായിരുന്നു.
ബഹ്‌റൈൻ സെന്റ് പോൾസ് മർത്തോമ സഭയുടെ വാർഷിക ആഘോഷ ശുശ്രൂഷകള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയതായിരുന്നു തിരുമേനി. ഐക്യം പൗരോഹിത്യ തലങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ തലമുറകളിലേക്കും ഇറങ്ങിച്ചെല്ലണമെന്നും, സ്വയം മറ്റുള്ളവർക്ക് സാക്ഷ്യമായി തീരുന്നതിലൂടെ മാത്രമേ അത് സാധ്യമായി തീരുകയുള്ളൂ എന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
വേൾഡ് ചർച്ചസ് കൗൺസിലിന്റെ (ഡബ്ളിയു.സി.സി.) ഇരുപത് അംഗ എക്സിക്യുട്ടീവ് അംഗങ്ങളിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ട എക ഏഷ്യൻ അംഗമായ തിരുമേനിക്ക് പ്രസിഡന്റ് റവ. ഷാബു ലോറൻസ് അനുമോദനം അറിയിച്ചു.