മനാമ: മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിന് അമേരിക്കയിലെ ജോയന്റ് കമീഷൻ ഇന്റർനാഷനലിന്റെ റീ അക്രഡിറ്റേഷൻ ലഭിച്ചു. ആരോഗ്യ പരിചരണരംഗത്തെ മികവ്, രോഗികളുടെ സംതൃപ്തി എന്നിവ വിലയിരുത്തിയാണ് അക്രഡിറ്റേഷൻ നൽകുന്നത്.
അന്താരാഷ്ട്ര സംഘം ഒരാഴ്ച നീണ്ടുനിന്ന പരിശോധനക്കൊടുവിലാണ് അൽ ഹിലാൽ ഹോസ്പിറ്റലിനെ അക്രഡിറ്റേഷന് തിരഞ്ഞെടുത്തത്. ഔട്ട് പേഷ്യന്റ്, ഇൻ പേഷ്യന്റ് വിഭാഗങ്ങളുടെ പ്രവർത്തനവും സംഘം വിലയിരുത്തി.
ന്യൂറോളജി, കാർഡിയോളജി, യൂറോളജി, അനസ്തേഷ്യ, ജനറൽ സർജറി, ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി, ഇ.എൻ.ടി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, റേഡിയോളജി, ഗാസ്ട്രോ എന്ററോളജി, ജനറൽ മെഡിസിൻ, ഇന്റേണൽ മെഡിസിൻ, ഡെർമറ്റോളജി, ഡെന്റിസ്ട്രി, ഓർത്തോഡോന്റിക്സ്, ഫേഷ്യൽ സർജറി തുടങ്ങിയ സേവനങ്ങളോടെ വിപുലമായ രീതിയിലാണ് ഇൻ പേഷ്യന്റ് വിഭാഗം പ്രവർത്തിക്കുന്നത്.
ആശുപത്രിയിലെ ഓരോ ജീവനക്കാരനും ലഭിച്ച അംഗീകാരമാണ് റീ അക്രഡിറ്റേഷനെന്ന് മാനേജ്മെന്റ് അറിയിച്ചു.2022ൽ ഗ്രൂപ്പിന് ലഭിക്കുന്ന ഏഴാമത്തെ അന്താരാഷ്ട്ര അക്രഡിറ്റേഷനാണ് ഇതെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പറഞ്ഞു. അഭിമാനാർഹമായ നേട്ടമാണ് ഹോസ്പിറ്റൽ സ്വന്തമാക്കിയതെന്ന് മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദും സി.ഇ.ഒ ഡോ. ശരത്ചന്ദ്രനും പറഞ്ഞു.