മനാമ: മികച്ച ഇറ്റാലിയൻ വിഭവങ്ങളുടെ രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി ബഹ്‌റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഇറ്റാലിയൻ വാരാഘോഷത്തിന് തുടക്കമായി. ലുലു ആട്രിയം മാളിൽ ആരംഭിച്ച ഇറ്റാലിയൻ ഭക്ഷ്യമേള ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പൗല അമാഡെ ഉദ്ഘാടനം ചെയ്തു. ഒലിവ് ഓയിൽ, ശരത്കാല പഴങ്ങൾ, രുചികരമായ പ്ലം, തക്കാളി, ചീസ്, സോസുകൾ, സവിശേഷമായ പാസ്തയുടെ വിപുലമായ ശ്രേണി, മധുരപലഹാരങ്ങൾ, ബിസ്കറ്റുകൾ, പരമ്പരാഗത കേക്കുകൾ തുടങ്ങി നാവിൽ കൊതിയൂറുന്ന വിഭവങ്ങളാണ് ലുലു ഔട്ട്ലെറ്റുകളിൽ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്.

നവംബർ 20 വരെ നീണ്ടുനിൽക്കുന്ന പ്രമോഷൻ കാലയളവിൽ തിരഞ്ഞെടുത്ത ഇറ്റാലിയൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം കിഴിവും ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ‘സുഗോ’ ഷോപ് ഉടമയും ഷെഫുമായ നിക്കോള വിൻസെൻസിനി പാസ്ത തയാറാക്കുന്നതിന്റെ ഘട്ടങ്ങൾ പ്രദർശിപ്പിച്ചു. വീൽസ് ഓഫ് അറേബ്യ വിപണനം ചെയ്യുന്ന ഇറ്റാലിയൻ നിർമിത വെസ്പ, ഡൂക്കാട്ടി ബൈക്കുകളുടെ പ്രദർശനവും കാണികളെ ആകർഷിക്കുന്നതാണ്. ഇറ്റാലിയൻ ഭക്ഷണങ്ങളോടും രുചികളോടും ലുലു ഹൈപ്പർമാർക്കറ്റ് കാണിക്കുന്ന താൽപര്യത്തിൽ അതിയായ സന്തോഷമുണ്ടെന്ന് പൗല അമാഡെ പറഞ്ഞു. ഇറ്റാലിയൻ ഭക്ഷണം ബഹ്‌റൈനിലെ ഏറ്റവും പ്രചാരമുള്ള ഭക്ഷണവിഭവങ്ങളിൽ ഒന്നാണെന്നും ഈ രുചിയെ പ്രോത്സാഹിപ്പിക്കുന്നതിൽ ലുലു ഹൈപ്പർമാർക്കറ്റിന് സന്തോഷമുണ്ടെന്നും ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു. ഇറ്റലിയിലെ മിലാനിൽ അടുത്തിടെ തുറന്ന ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക്‌സ് ഹബ് ബഹ്‌റൈനിലെ ഷോപ്പർമാർക്ക് ഏറ്റവും മികച്ച ഇറ്റാലിയൻ ഉൽപന്നങ്ങൾ മികച്ച വിലക്ക് എത്തിക്കാൻ വഴിയൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
								
															
															
															
															








