ന്യൂഡൽഹി: പ്രവാസികൾക്ക് ആശ്വാസമായി വിദേശയാത്രയ്ക്കുള്ള എയർ സുവിധ രെജിസ്ട്രേഷൻ കേന്ദ്ര സർക്കാർ ഒഴിവാക്കി. കോവിഡ് കാലത്ത് വിദേശങ്ങളില്‍ നിന്ന് വരുന്നവരുടെ വിവരശേഖരണത്തിന് വേണ്ടിയാണ് എയര്‍ സുവിധ രെജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തിയിരുന്നത്. നിലവിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് രെജിസ്ട്രേഷൻ ഒഴിവാക്കിയത്. ഇതടക്കം വിദേശയാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഷ്കരിച്ചു. പുതിയ തീരുമാനം ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും.
‘രാജ്യത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. ആഗോളതലത്തിലും ഇന്ത്യയിലും വാക്സിനേഷൻ കൈവരിച്ച സാഹചര്യത്തിൽ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ ആവശ്യമില്ല.– വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കോവിഡ് കാലത്ത് യാത്രക്കാരെ ട്രാക്ക് ചെയ്യാനും കോവിഡ് വ്യാപനം നിയന്ത്രിക്കുവാനും വേണ്ടിയാണ് കേന്ദ്രസർക്കാർ എയർ സുവിധ പോർട്ടൽ നടപ്പിലാക്കിയത്.
സുവിധ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ പിന്‍വലിക്കുന്നത് ഇന്ത്യയിലേക്ക് വരുന്ന വിമാനയാത്രക്കാര്‍ക്ക് പ്രത്യേകിച്ച് പ്രവാസികൾക്ക് ഏറെ ആശ്വാസം പകരും. കോവിഡ് വ്യാപന നിരക്കില്‍ വര്‍ധനവുണ്ടാകുന്ന പക്ഷം ഇത് പുനഃസ്ഥാപിക്കുമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.