മനാമ: ഏതൊരു സമൂഹത്തിലും വ്യവസ്ഥാമാറ്റം സംഭവിക്കുക ആ കാലത്ത് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗത്തിലൂടെയായിരുക്കുമെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം.മുകുന്ദൻ അഭിപ്രായപ്പെട്ടു. ബഹ്‌റൈൻ കേരളീയ സമാജം സംഘടിപ്പിച്ച പസ്തോകൽസവസത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
രാജ്യം പ്രതിസന്ധി നേരിടുന്ന അവശ്യഘട്ടങ്ങളിലൊക്കെ ഈ വിഭാഗം മുന്നോട്ട് വന്നിട്ടുണ്ട്. ഏതൊരു ഭരണകൂടത്തിനും എല്ലാ കാലവും ഇവരെ നിഷ്കാസനം ചെയ്യാനോ അടിച്ചമർത്തി വെക്കാനോ കഴിയില്ല. ഗുണപരമായ സംവാദങ്ങൾ ആണ് എല്ലാ പ്രതിസന്ധികളെയും മറികടക്കാനുള്ള മാധ്യമം. എല്ലാ വിഭാഗം മനുഷ്യർക്കിടയിലും സംവാദങ്ങൾ സാധ്യമാവേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് സംവാദങ്ങൾ എന്നത്. ഫാഷിസം ഭയക്കുന്നതും ഈ സംവാദത്തെയും അതിലൂടെ ഉടലെടുക്കുന്ന ബഹുസ്വരതയെയുമാണ്. എഴുത്തുകാർ അവർ ജീവിക്കുന്ന കാലത്തെയാണ് പ്രതിനിധീകരിക്കുന്നത്. സമൂഹത്തിന്റെ പരിച്ഛേദങ്ങൾ സ്വാഭാവികമായും അവരുടെ എഴുത്തുകളിൽ പ്രതിഫലിക്കും.
ഒരു കാലത്ത് സാമ്രാജ്യത്വത്തെയും മുതലാളിത്തത്തെയും പ്രതിരോധിക്കാൻ ആയിരുന്നു തന്റെ രചനകളിലൂടെ ശ്രമിച്ചത്. പ്രവാസത്തിന്റെ തീക്ഷണമായ അനുഭവങ്ങൾ നേരിട്ട് തനിക്ക് മനസിലാക്കാൻ സാധിച്ചത് ഗൾഫ് നാടുകളിൽ നിന്നാണ് . ഇവിടുത്തെ ലേബർ കേമ്പുകളും സാധാരണക്കാരുടെ തൊഴിലിടങ്ങളും തനിക്ക് നൽകിയ പൊള്ളുന്ന അനുഭവങ്ങൾ തന്റെ എഴുത്തിലൂടെ അനുവാചകർക്ക് പകർന്നു നൽകാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജോസ് പനച്ചിപ്പുറത്തിനും, എം. മുകുന്ദനും നൽകിയ സ്വീകരണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു. മുകുന്ദനുള്ള പൊന്നാടയും അദ്ദേഹം അണിയിച്ചു.
വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ജോസ് പനച്ചിപ്പുറത്തിനെ പൊന്നാട അണിയിച്ചു. വൈസ് പ്രസിഡന്റ് എം.എം.സുബൈർ, സെക്രട്ടറി യൂനുസ് രാജ്, കേന്ദ്ര സമിതി അംഗങ്ങളായ മുഹമ്മദ് മുഹിയുദ്ധീൻ, സി.ഖാലിദ്, സാജിദ സലീം, ജലീൽ, ദിശ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ്, മുഹമ്മദ് അലി മലപ്പുറം, റഷീദ സുബൈർ, വി.പി.നൗഷാദ്, അബ്ദുൽ ഖാദർ, ഫൈസൽ പട്ടാണ്ടിയിൽ, യു.കെ.നാസർ, ജലീൽ മല്ലപ്പള്ളി, അബ്ദുല്ല, സജീർ ഇരിക്കൂർ തുടങ്ങിയവർ പങ്കെടുത്തു. അബ്ദുൽ ഗഫൂർ മൂക്കുതല നന്ദി പറഞ്ഞു